പ്രതിഷേധം കനത്തു; ചിന്നക്കനാലിൽ 364.39 ​ഹെക്ടർ ഭൂമി റിസർവ് വനം ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു

തൊടുപുഴ: ചിന്നക്കനാൽ വില്ലേജിലെ 364.39 ​ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചു വനം വകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം സർക്കാർ മരവിപ്പിച്ചു. പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് നടപടി. തുടർ നടപടികൾ മരവിപ്പിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിനു പാട്ടത്തിനു കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ചിന്നക്കനാൽ റിസർവ് ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംബന്ധിച്ചു ചർച്ച ചെയ്തു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്നു യോ​ഗം ചേർന്നു കാര്യങ്ങൾ വിശദമായി വലയിരുത്തിയതായും മന്ത്രി വ്യക്തമാക്കി. 2023 ഓ​ഗസ്റ്റിൽ പാസാക്കിയ കേന്ദ്ര വന സംരക്ഷണ ഭേദ​ഗതി നിയമപ്രകാരം 1996 ഡിസംബർ 12നു മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള വനഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല. ഇതുസംബന്ധിച്ച വിശദമായ മാർ​ഗ രേഖ തയ്യാറാക്കാൻ ഇക്കഴിഞ്ഞ നവംബർ 30നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. ചിന്നക്കനാൽ പ്രദേശത്തെ ഏതെങ്കിലും വനഭൂമി പ്രസ്തുത തീയതിയ്ക്കു മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയതാണെങ്കിൽ അതിനു നിയമപ്രകാരം സംരക്ഷണം നൽകുന്നതാണ്. കേന്ദ്ര മാർ​ഗ രേഖ വന്നാലും സെറ്റിൽമെന്റ് ഓഫീസറെ നിയമിച്ച് പ്രശ്നങ്ങൾ പരിഹരിക്കും. കലക്ടർ അയച്ചു എന്നു പറയുന്ന കത്തിൽ തുടർ നടപടികൾ ആവശ്യമില്ല. വിജ്ഞാപനം സംബന്ധിച്ച തുടർ നടപടികൾ നിർത്തി വയ്ക്കാൻ തീരുമാനിച്ചതായും മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *