ന്യൂയോര്‍ക്ക്: 2023 ലെ മികച്ച കായിക താരത്തിനുള്ള ടൈം മാഗസിന്‍ പുരസ്‌കാരം അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവും നായകനും ഇതിഹാസവുമായി ലയണല്‍ മെസിക്ക്. ടൈംസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയര്‍ 2023 പുരസ്‌കാരമാണ് മെസി സ്വന്തമാക്കിയത്. ഈ പുരസ്‌കാരം നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്‌ബോള്‍ താരമെന്ന ഒരിക്കലും മായാത്ത നേട്ടവും മെസി സ്വന്തമാക്കി. ടെന്നീസ് ഇതിഹാസം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ നെര്‍വെ സൂപ്പര്‍ സ്റ്റാര്‍ എര്‍ലിങ് ഹാളണ്ട് എന്നിവരെ പിന്തള്ളിയാണ് മെസി അവാര്‍ഡ് സ്വന്താമാക്കിയത്. ഈ വര്‍ഷം എട്ടാം ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി റെക്കോര്‍ഡിട്ട മെസിയുടെ ഷോക്കേസിലേക്ക് 36ാം വയസില്‍ ടൈം പുരസ്‌കാരവും എത്തി. ലോകകപ്പ് കിരീട ധാരണത്തിനു പിന്നാലെ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ടീമിലേക്ക് ചേക്കേറിയ മെസി ക്ലബിനെ ചരിത്രത്തില്‍ ആദ്യമായി ഒരു കിരീട നേട്ടത്തിലേക്ക് നയിച്ച് യുഎസ്എയില്‍ ചരിത്രമെഴുതിയിരുന്നു. താരത്തിന്റെ സാന്നിധ്യം ഒരു ടീമിനെ എത്തരത്തില്‍ പരിവര്‍ത്തിപ്പിക്കും എന്നതിന്റെ പാഠ പുസ്തകമാണ് മയാമി മെസിയിലൂടെ അടയാളപ്പെടുത്തിയത്. എംഎല്‍എസ് ലീഗിനു അതുവരെ കിട്ടാതിരുന്ന ലോക ശ്രദ്ധയും ഇതിലൂടെ സാധ്യമായി. മെസി ഒരു ടീമിനെയല്ല ഒരു സിസ്റ്റത്തെ തന്നെ എത്തരത്തില്‍ മാറ്റിയെന്നതാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. മയാമിക്കായി 14 മത്സരങ്ങള്‍ കളിച്ച മെസി 11 ഗോളുകളും വലയിലാക്കി. അമേരിക്കന്‍ ഫുട്‌ബോളില്‍ മെസി കുറഞ്ഞ കാലം കൊണ്ടുണ്ടാക്കിയ സ്വാധീനമാണ് പുരസ്‌കാരത്തിനായി പ്രത്യേകം പരിഗണിച്ചത്.