പുല്‍പള്ളി: കല്‍പറ്റ പിണങ്ങോട് റോഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചതിനെത്തുടര്‍ന്നു സംസ്‌കരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ശശിമല ചോലിക്കര വടക്കേകണ്ണമംഗലത്ത് സ്റ്റെബിന്‍ ജോണിന്റെ(28)മൃതദേഹമാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത്.ഡിസംബര്‍ ഒന്നിനു വൈകുന്നേരമായിരുന്നു സ്റ്റെബിന്റെ മരണം. ചികിത്സയിലെ പിഴവാണ് മരണത്തിനു കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ തിങ്കളാഴ്ച ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ക്കു പരാതി നല്‍കി. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍നിന്നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനു വിട്ടത്. വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ്.സജി, മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പോലീസ് സര്‍ജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കല്‍പറ്റ പോലീസാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം നാട്ടിലെത്തിച്ച് രാത്രിയോടെ സംസ്‌കരിച്ചു.മൂക്കില്‍ വളര്‍ന്ന ദശ നീക്കം ചെയ്യുന്നതിന് ഡിസംബര്‍ ഒന്നിനു രാവിലെ ഒമ്പതോടെയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി ഉച്ചയ്ക്ക് 12 ഓടെ അനസ്‌ത്യേഷ്യ നല്‍കി. ഇതിനു പിന്നലെ അബോധാവസ്ഥയിലായ സ്റ്റെബിന്റെ നില വഷളാകുകുയം മരിക്കുകയുമായിരുന്നു. അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവാണ് മരണത്തിനിടയാക്കിയതെന്നു ബന്ധുക്കളില്‍ ചിലര്‍ അന്ന് ആരോപിച്ചെങ്കിലും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ വീട്ടിലേക്കു കൊണ്ടുപോകുകയും പിറ്റേന്നു സംസ്‌കരിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സ്വകാര്യ ആശുപത്രിയില്‍ സ്റ്റെബിനെ ചികിത്സിച്ചതിന്റെ രേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കും.