ന്യൂഡല്‍ഹി: നിയമസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതിന് തുടര്‍ന്ന് മൂന്നു കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, രേണുക സിങ് എന്നിവരാണ് രാജിവെച്ചത്. ഇവരുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇവര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ ചുമതല രാജീവ് ചന്ദ്രശേഖര്‍ അടക്കം നാലു മന്ത്രിമാര്‍ക്ക് അധിക ചുമതലയായി നല്‍കി. ജലശക്തി വകുപ്പിന്റെ അധിക ചുമതലയാണ് രാജീവ് ചന്ദ്രശേഖറിന് നല്‍കിയത്. ഭക്ഷ്യ സംസ്‌കരണ വകുപ്പ് ശോഭാ കരന്തലജെയ്ക്ക് നല്‍കി. നരേന്ദ്ര തോമര്‍ കൈകാര്യം ചെയ്തിരുന്ന കൃഷി-കര്‍ഷക ക്ഷേമ വകുപ്പുകള്‍ അര്‍ജുന്‍ മുണ്ടെയ്ക്ക് നല്‍കി. രേണുക സിങ് വഹിച്ചിരുന്ന ഗോത്രകാര്യ വകുപ്പ് സഹമന്ത്രിയുടെ ചുമതല ഡോ. ഭാരതി പവാറിനും കൈമാറി. രാജിവെച്ച കേന്ദ്രമന്ത്രിമാര്‍ നിയമസഭയിലേക്ക് വിജയിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം എംപി സ്ഥാനം രാജിവെച്ചിരുന്നു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദവികളിലേക്ക് നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍ എന്നിവര്‍ പരിഗണിക്കപ്പെടുന്നുണ്ട്. രേണുക സിങ്ങിനെ ഛത്തീസ് ഗഡില്‍ മുഖ്യമന്ത്രി പദത്തിലേക്കും ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്.