അപകടങ്ങൾ പതിവായിട്ടും സുരക്ഷാ സംവിധാനമൊരുക്കാന്‍ നടപടിയില്ല

മാനന്തവാടി: യാത്രക്കാര്‍ക്കും സമീപത്തെ വീടിനും അപകട ഭീഷണി ഉയര്‍ത്തുന്ന റോഡിന് സുരക്ഷാ സംവിധാനമൊരുക്കാന്‍ നടപടിയില്ല. മാനന്തവാടി നിരവില്‍പ്പുഴ റോഡിലെ പൊതുമരാമത്ത് വകുപ്പ് പനമരം ഡിവിഷന്റെ കീഴിലുള്ള നാലാംമൈല്‍-തരുവണ ഭാഗത്ത് ആറംമൈലിലാണ് റോഡ് അപകടവസ്ഥയിലുള്ളത്. 2010 ല്‍ റോഡ് നവീകരണം നടത്തുമ്പോള്‍ വീതികൂട്ടിയതിനെ തുടര്‍ന്ന് റോഡിന് താഴെയുള്ള വീടിന്റെ മുറ്റത്തിനോട് ചേര്‍ന്നാണ് റോഡ് നിലവിലുള്ളത്.റോഡതിര്‍ത്തിയില്‍ നിന്നും കേവലം 50 സെന്റീമീറ്റര്‍ ദൂരം മാത്രമാണ് വീടിന്റെ മുറ്റത്തിലേക്കുള്ളത്. ഈ ഭാഗത്ത് അപകടം പതിവായതോടെ 2010 ല്‍ വീട്ടുടമയായ അരങ്ങാട്ടില്‍ ആസ്യജില്ലാ കഠക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിക്കുകയും റോഡരിക് കരിങ്കല്ല് കെട്ടി സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നുമുണ്ടായിട്ടില്ല. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് റോഡ് തകരാതിരിക്കാന്‍ വീട്ടുകാര്‍ പ്ലാസ്റ്റിക് ഷീറ്റ് മതിലില്‍ വിരിച്ചിരിക്കുയാണ്. കഴിഞ്ഞ ദിവസം ഇതേസ്ഥലത്തുണ്ടായ അപകടത്തില്‍ തലനാരിഴക്കാണ് യാത്രക്കാരും വീടിന്റെ മുറ്റത്തുണ്ടായിരുന്ന വീട്ടമ്മയും രക്ഷപ്പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു.വീട്ടുമുറ്റത്തുണ്ടായിരുന്ന വീട്ടമ്മയും കാറിലെ രണ്ട് യാത്രക്കാരും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. റോഡിന്റെ വീതികുറവ് സംബന്ധിച്ചോ റോഡരികിലെ ഗര്‍ത്തം സംബന്ധിച്ചോ ഒരു സൂചനാബോര്‍ഡ് സ്ഥാപിക്കാന്‍ പോലും പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. നിരവധി തവണ സമാനരീതിയില്‍ ഇവിടെ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡായതിനാല്‍ തിരക്കേറിയ ഈ റോഡില്‍ വന്‍ ദുരന്തമുണ്ടാവുന്നതിന് മുമ്പ് സംരക്ഷണമേര്‍പ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *