ഉൾക്കൊള്ളാനാവാത്ത വേദന’- കാനത്തെ അനുസ്മരിച്ച് പ്രമുഖർ

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ച് നേതാക്കൾ. ഉൾക്കൊള്ളാനാവാത്ത വേദനയാണ് കാനത്തിൽ വിട വാങ്ങലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ അനുസ്മരിച്ചു. സിപിഐക്കും ഇടതു മുന്നണിക്കും സംഭവിച്ച കനത്ത നഷ്ടമാണ് കാനത്തിന്റെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി രാജ.മുൻ​ഗാമികളെ പോലെ കാനവും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തില്ലെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. ഇടതുപക്ഷത്തെ സൗമ്യ മുഖമായിരുന്നു കാനമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുസ്മരിച്ചു.എംവി ​ഗോവിന്ദൻസഖാവ് കാനത്തിന്റെ വിടവാങ്ങൽ ഉൾക്കൊള്ളാനാവാത്ത വേദനയാണ്. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത ഇടതുപക്ഷത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും കനത്ത നഷ്ടമാണ്. മികവുറ്റ സംഘാടകനും ദിശാബോധമുള്ള നേതാവുമായിരുന്നു സഖാവ്. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും അടിച്ചമർത്തപ്പെട്ട ജനതയുടെ ഉയിർപ്പിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത ഉജ്ജ്വലനായ സഖാവാണ് കാനം. ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന സൗഹൃദം കൂടിയാണ് കാനത്തിന്റെ വിടപറയലിലൂടെ ഓർമ്മയാകുന്നത്. ഇടതുമുന്നണിയെ കരുത്തുറ്റതാക്കുന്നതിൽ സഖാവ് കാനം വഹിച്ച പങ്ക് വളരെ വലുതാണ്. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.വിഡി സതീശൻഏറെക്കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ. 19ാം വയസിൽ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും അവ സഭയിൽ അവതരിപ്പിത്തു പരിഹാരം ഉണ്ടാക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വെളിയം ഭാർ​ഗവൻ, സികെ ചന്ദ്രപ്പൻ തുടങ്ങിയ മുൻ​ഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ല.ഡി രാജസിപിഐക്കും ഇടതു മുന്നണിക്കും വലിയ നഷ്ടമാണ് കാനത്തിന്റെ വിയോ​ഗത്തിലൂടെ സംഭവിച്ചത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണദ്ദേഹം. വലത്, ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് അദ്ദേഹത്തെ നഷ്ടമായത്. യൂത്ത് വിങിന്റെ ഭാ​ഗമായിരുന്നപ്പോൾ മുതൽ ഒന്നിച്ചു പ്രവർത്തിച്ചവരാണ് ഞങ്ങൾ. ദേശീയ തലത്തിലും പാർട്ടിക്ക് വലിയ നഷ്ടമാണ്. യുവജന പ്രസ്ഥാനത്തിന്റെ ക്രിയാത്മക നേതാവായിരുന്നു അദ്ദേഹം. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ മികച്ച നേതാവു കൂടിയാണ് കാനം.മന്ത്രി ആർ ബിന്ദുസമുന്നതനായ പൊതുപ്രവർത്തകനെന്ന നിലയ്ക്കുള്ള സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം ഏറ്റവും ദുഃഖകരമാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി മികച്ച നിയമസഭാ സാമാജികനായും സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും ഉയർന്ന കാനത്തിന്റെ വ്യക്തിത്വം എക്കാലത്തും സമാദരണീയമായിരുന്നു. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളോടുള്ള പോരാട്ടത്തിലും അവരോട് ചാർച്ച പുലർത്തുന്ന കോൺഗ്രസിനെ തുറന്നുകാട്ടുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു സഖാവ് കാനം.ഓർമ്മയിൽ എന്നുമുണ്ടാവും, ലാൽ സലാം.രമേശ് ചെന്നിത്തലരാഷ്ട്രീയ കേരളത്തിന്റെ തലയെടുപ്പുള്ള നേതാവ്,ഏറ്റവും അടുത്ത സുഹൃത്തും ഏക്കാലത്തും ഹൃദ്യമായ വ്യക്തിത്വവും കാത്തുസൂക്ഷിച്ച കാനം രാജേന്ദ്രന് പ്രണാമം.സി പി ഐ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകയായ കാനം തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ആരെത്തിർത്താലും തുറന്നു പറയാൻ മടി കാണിച്ചിരുന്നില്ല. രാഷ്ട്രീയ എതിരാളികളെ മാന്യമായ ഭാഷയിൽ വിമർശിക്കുകയും ഒപ്പം അവരോടുള്ള സൗഹൃദവും സ്നേഹവും ഒട്ടും കുറയാതെ നിലനിർത്താനും അദ്ദേഹത്തിനു കഴിഞ്ഞു. ഒരു കമ്യൂണിസ്റ്റ്ക്കാരന്റെ ലാളിത്യം പ്രകടമാക്കിയ കാനത്തിന്റെ കർമ്മമണ്ഡലം ത്യാഗപൂർണ്ണമായതു കൊണ്ടാണ് അദ്ദേഹം പ്രസ്ഥാനത്തിന്റെ ഉന്നത പദവിയിലെത്തിയത് , നിയമസഭാ സാമാജികൻ എന്ന നിലയിൽ ജനങ്ങളുടെ പ്രയാസങ്ങൾ അറിഞ്ഞു ഇടപ്പെടുകയായിരുന്നു. തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ അർപ്പണബോധത്തോടെ നയിച്ച നേതാവ് കൂടിയായിരുന്നകാനം. പ്രണാമം…കെ സുരേന്ദ്രൻഇടതുപക്ഷത്തെ സൗമ്യ മുഖമായിരുന്നു കാനം. നിലപാടുകൾ വെട്ടിത്തുറന്നു പറയാനുള്ള ആർജവം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സിപിഐയുടെ ജനകീയ മുഖമായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിർ രാഷ്ട്രീയ ചേരിയിലാണെങ്കിലും കാനവുമായി നല്ല വ്യക്തി ബന്ധമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *