ഷഹന ജീവനൊടുക്കിയത് റുവൈസ് ബ്ലോക്ക് ചെയ്‌തതിന് പിന്നാലെ, കേസിൽ പിതാവ് രണ്ടാം പ്രതി

തിരുവനന്തപുരം: ഡോ. ഷഹന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്റ്റിലായ ഡോ ഇ എ റുവൈസിന്റെ പിതാവിനെയും പ്രതിയാക്കി. കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടിൽ അബ്ദുൽ റഷീദിനെയാണ് രണ്ടാം പ്രതിയാക്കിയത്. പെൺകുട്ടിയുടെ മരണത്തിനു കാരണമായ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതിനാണ് ഇയാളെ പ്രതിയാക്കിയത്. റുവൈസിന്റെ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ കൂടുതൽ സ്ത്രീധനം ചോദിക്കുകയും അതിനായി സമ്മർദം ചെലുത്തുകയും ചെയ്തതായി ഷഹനയുടെ മാതാവ് പൊലീസിനു മൊഴിനൽകിയിരുന്നു. അതേസമയം റിമാൻഡിലുള്ള റുവൈസിനെ ചൊവ്വാഴ്‌ച ഹാജരാക്കാൻ കോടതി ജയിൽ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിന് അന്ന് തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ശ്രമം. ഷഹനയും ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങളും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെയും അച്ഛനെയും പ്രതിയാക്കിയത്. ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പങ്ക് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഷഹന റുവൈസി വാട്‌സ്‌ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ അയാൾ പ്രതികരിച്ചിരുന്നില്ല. ഇത്രയും സ്ത്രീധനം ചോദിച്ചാൽ തങ്ങൾക്ക് അതു നൽകാനാകില്ലെന്നും താൻ മരിക്കുകയാണെന്നും ഷഹന വാട്‌‌സ്‌ആപ്പ് സന്ദേശം അയച്ചിരുന്നു. റുവൈസ് ഇതു വായിച്ചശേഷം ഷഹനയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ഷഹന അയച്ച എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു. ഒരു പെൺകുട്ടിയുടെ മരണം തടയാമായിരുന്നിട്ടും അതിന് ഡോക്ടർ തുനിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. ഷഹനയുടെ ഫോണിൽ നിന്നും പൊലീസിന് സന്ദേശങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇത് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ വീട്ടുകാർ റുവൈസിന്റെ വീട്ടിലേക്കും പോയിട്ടുണ്ടായിരുന്നു. എപ്പോൾ വിവാഹം നടത്തണമെന്നത് ഉൾപ്പെടെ ചർച്ച നടത്തി. പിന്നീടാണ് സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് പിൻമാറിയതെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *