വിവാഹം കഴിഞ്ഞ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹത: ഹൈക്കോടതി

കൊല്‍ക്കത്ത: സര്‍ക്കാര്‍ ജോലിയില്‍ ആശ്രിത നിയമനത്തിന് വിവാഹം കഴിഞ്ഞ പെണ്‍മക്കള്‍ക്കും അര്‍ഹതയുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതി. വിവാഹം കഴിഞ്ഞെന്ന പേരില്‍ പെണ്‍മക്കളെ ആശ്രിത നിയമനത്തില്‍നിന്നു ഒഴിവാക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ദേബാംഗ്‌സു ബസക്കും ശബ്ബര്‍ റാഷിദിയും ഉത്തരവിട്ടു.സര്‍ക്കാര്‍ പദ്ധതിക്കു സ്ഥലം വിട്ടുനല്‍കിയതിനു ലഭിക്കേണ്ട ജോലി നിഷേധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി രേഖ പാല്‍ എന്ന യുവതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പശ്ചിമ ബംഗാള്‍ പവര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ബക്രേശ്വര്‍ താപവൈദ്യുതി നിലയത്തിനായാണ് രേഖയുടെ കുടുംബം ഭൂമി വിട്ടുനല്‍കിയത്. ഭൂമി നല്‍കുന്ന കുടുംബങ്ങളില്‍ ഒരാള്‍ക്കു ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.ഇതനുസരിച്ച് ജോലിക്കായി രേഖ അപേക്ഷ നല്‍കി. എന്നാല്‍ വിവാഹിതയാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അപേക്ഷ നിരസിക്കുകയായിരുന്നു. വിവാഹിതരായ പെണ്‍മക്കള്‍ക്ക് നിയമനത്തിന് അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിനെതിരെ രേഖ ഹൈക്കോടതിയെ സമീപിച്ചു. പിതാവിന്റെ മരണശേഷം അമ്മയെ ഉള്‍പ്പെടെ കുടുംബം നോക്കുന്നത് താന്‍ ആണെന്നും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്നും രേഖ വാദിച്ചു. രേഖയ്ക്ക് അനുകൂലമായി 2014ല്‍ സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചെങ്കിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതു തള്ളിക്കൊണ്ടാണ് ഇപ്പോഴത്തെ ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *