നരഭോജി കടുവയെ തേടി… തിരച്ചിൽ ഇന്നും തുടരും, കൂടുതൽ കാമറ ട്രാപ്പുകൾ സ്ഥാപിച്ചു

കൽപ്പറ്റ: സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനം വകുപ്പ് തിരച്ചിൽ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനം വകുപ്പ് കൂടുതൽ കാമറ ട്രാപ്പുകൾ വച്ചിട്ടുണ്ട്. 11 കാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്തായി സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാൽപ്പാടുകൾ പിന്തുടർന്നുമാകും തിരച്ചിൽ. വനം വകുപ്പ് ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാൽ, പൊലീസ് സംരക്ഷണയിലാകും തിരച്ചിൽ. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈൽഡ് ലൈഫ് വാഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കു വെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്.കടുവയെ കണ്ടെത്തുന്നതിനായി മൂന്ന് സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനം വകുപ്പ് തിരച്ചില്‍ നടത്തുന്നത്. കടുവ യുവാവിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. കടുവയെ മയക്കുവെടി വെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സജ്ജമാണ്.പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കൊന്നത്. രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാൽ വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *