കൽപറ്റ: മൂപ്പൈനാട് പഞ്ചായത്ത് ഏഴാം വാർഡ് ചെല്ലങ്കോട് ചന്ദ്രഗിരി എസ്റ്റേറ്റിൽ വട്ടച്ചോലയിൽ രാജന്റെ നേന്ത്രവാഴ കൃഷി കാട്ടാന നശിപ്പിച്ചു. പാട്ടത്തിന് കൃഷി ചെയ്യുന്ന നാല് ഏക്കർ സ്ഥലത്തെ വാഴകൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. വർഷങ്ങളായി നാട്ടിൽ വന്യമൃഗ ശല്യങ്ങൾക്കെതിരെ ജനങ്ങൾ പ്രതിഷേധത്തിലാണ്. മുൻ എംഎൽഎയുടെ കാലത്ത് 20 ലക്ഷം രൂപ ഫെൻസിങ്ങിനായി അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ ഇതിന്റെ പ്രവൃത്തി തുടങ്ങാത്തതിനാൽ ഈ പ്രദേശങ്ങളിൽ ആർക്കും ഒരു കൃഷിയും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. എംഎൽഎ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് നടപടികൾ സ്വീകരിച്ചു ഫെൻസിങ്ങിന്റെ പ്രവൃത്തി ആരംഭിക്കുന്നതിന് ഇടപെടൽ നടത്തണമെന്ന് കർഷകസംഘം വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മുഹമ്മദ് സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ബാബുക്കുട്ടി ചെല്ലങ്കോട്, ഇ.സി. രാജൻ ചെല്ലങ്കോട്, ജോളി സ്കറിയ എന്നിവർ സംസാരിച്ചു.