ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്ന് ദിലീപ്; ഹര്‍ജി 18ന് പരിഗണിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ജാമ്യം റദ്ദാക്കാന്‍ പറയുന്ന കാര്യങ്ങള്‍ മുന്‍പും പലതവണ കോടതി തള്ളിയതാണെന്ന് ദിലീപ് മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജി ജസ്റ്റിസ് പി ഗോപിനാഥ് 18 നു പരിഗണിക്കാന്‍ മാറ്റി. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചുവെന്ന് ആരോപിച്ചാണു ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ വിചാരണക്കോടതി 259 പ്രോസിക്യൂഷന്‍ സാക്ഷികളെ ഇതിനകം വിസ്തരിച്ചു കഴിഞ്ഞെന്നും ഇനി വിസ്തരിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍, ഫൊറന്‍സിക് ലാബിലെ ജോയിന്റ് ഡയറക്ടര്‍ എന്നിവരെ താന്‍ സ്വാധീനിക്കുമെന്നു കരുതാന്‍ ന്യായമില്ലെന്നും ദിലീപ് വ്യക്തമാക്കി. 80 സാക്ഷികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായ ഘട്ടത്തില്‍ തനിക്കും വിചാരണക്കോടതി ജഡ്ജിക്കും എതിരെ ആരോപണം ഉന്നയിച്ചും കോടതി മാറ്റം ആവശ്യപ്പെട്ടും നടിയും പ്രോസിക്യൂഷനും കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും സുപ്രീം കോടതിയും അനുവദിച്ചില്ല.സിനിമാ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയപ്പോഴും പ്രോസിക്യൂഷന്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇവയൊക്കെ തള്ളിയാണ് കോടതി ജാമ്യം നല്‍കിയത്. താന്‍ സ്വാധീനിച്ചുവെന്നു പറയുന്ന വിപിന്‍ലാല്‍, ജിന്‍സണ്‍ എന്നീ സാക്ഷികള്‍ വിവിധ കേസുകളില്‍ പ്രതികളാണെന്നും ഏറെക്കാലമായി ജയിലിലാണെന്നും ദിലീപ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *