തെരച്ചില്‍ തുടരുന്നു; കടുവയെ കണ്ടെത്താനായില്ല 22 ക്യാമറ ട്രാപ്പ് സ്ഥാപിച്ചു

സുല്‍ത്താന്‍ബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂരില്‍ ശനിയാഴ്ച യുവ കര്‍ഷകന്‍ പ്രജീഷിനെ കൊപ്പെടുത്തിയ കടുവയെ കണ്ടെത്തുന്നതിന് വനസേന തെരച്ചില്‍ തുടരുന്നു. വാകേരിയിലെ കാപ്പിത്തോട്ടങ്ങളിലും സമീപത്തെ വനത്തിലുമാണ് ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുസമദിന്റെ നേതൃത്വത്തില്‍ ദ്രുത പ്രതികരണ സേനയില്‍നിന്നുള്ളവരടക്കം 50ല്‍ അധികം പേര്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞ്തെരച്ചില്‍ നടത്തുന്ന്. ഇന്നലെ തെരച്ചലില്‍ കടുവയെ കാണാനായില്ല. കടുവയെ പിടികൂടുന്നതിന് കൂടല്ലൂരില്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്.പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ തിരിച്ചറിഞ്ഞശേഷം കൂടുവെച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടികൂടാനും ഇതു സാധ്യമായില്ലെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ച് കൊല്ലാനും സംസ്ഥാന മുഖ്യ വനം-വന്യജീവി പാലകന്‍ ഉത്തരവിറക്കിയിട്ടുണ്ട്.കടുവയെ നിരീക്ഷിക്കുന്നതിന് ഇന്നലെ എട്ട് ക്യാമറ ട്രാപ്പ് കൂടി സ്ഥാപിച്ചു. ഇതോടെ ക്യാമറ ട്രാപ്പ് എണ്ണം 22 ആയി. തെരച്ചലിനു ഡ്രോണ്‍ ഉപയോഗപ്പെടുത്തും. ഉത്തര മേഖല സിസിഎഫ് കെ.എസ്. ദീപ ഇന്നലെ കൂടല്ലൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കടുവയെ പിടികൂടുന്നതിനു നീക്കം ഊര്‍ജിതമാണെന്നാണ് അവര്‍ അറിയിച്ചത്. നരഭോജി കടുവയെ പിടിക്കാനും അതിനുകഴിഞ്ഞില്ലെങ്കില്‍ കൊല്ലാനുമുള്ള ദൗത്യത്തിന്റെ മേല്‍നോട്ടച്ചുമതല ദീപയ്ക്കാണ്. കടുവയെ തിരിച്ചറിയുക എന്നത് ദൗത്യത്തില്‍ സുപ്രധാനമാണ്. പ്രദേശത്ത് നേരത്തേ സ്ഥാപിച്ച ക്യാമറ ട്രാപ്പില്‍ പതിഞ്ഞ കടുവയുടെ ചിത്രം വ്യക്തമല്ലെന്ന് ഉത്തര മേഖല സിസിഎഫ് പറഞ്ഞു.പ്രജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായി അഞ്ചു ലക്ഷം രൂപ ഇന്നലെ കൈമാറി. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുസമദ്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രാകാശ് തുടങ്ങിയവര്‍ പ്രജീഷിന്റെ വീട്ടിലെത്തിയാണ് ഗഡു നല്‍കിയത്. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം.

Leave a Reply

Your email address will not be published. Required fields are marked *