കൽപ്പറ്റ: അപ്രതീക്ഷിത മഴയിൽ നെല്ല്, കാപ്പി കർഷകർക്കുണ്ടായ വിളനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പൊതുവെ പ്രതിസന്ധിയിൽ കഴിയുന്ന കർഷകരെ
കാലംതെറ്റിവന്ന മഴ കൂടുതൽ ദുരിതത്തിലാക്കിയിരിക്കയാണ്. കൊയ്യാറായ നെൽപാടങ്ങൾ വെളളത്തിലാണുള്ളത്. കൊയ്തെടുത്ത നെല്ല് മണിയാക്കാനും സാധിക്കുന്നില്ല. കുതിർന്ന നെല്ല് വാങ്ങാൻ കച്ചവടക്കാരും വിസമ്മതിക്കുന്നു.
ചെറുതും വലുതുമായ മഴ കാപ്പി വിളവെടുപ്പിനെയും ബാധിച്ചിരിക്കയാണ്. കാപ്പി പറിക്കാനും ഉണക്കാനും കഴിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. ക്വിന്റൽ കണക്കിന് കാപ്പി ഉണക്കാനിട്ട കളത്തിൽ നിന്നും ഒഴുകി പോയിരിക്കയാണ്. കർഷകരെ സംബന്ധിച്ചിടുത്തോളം വൻ നാശനഷ്ടമാണ് മഴ വരുത്തി വെച്ചത്. കാപ്പി കർഷകർക്കുണ്ടായ നഷ്ടം കോഫി ബോർഡും നെൽ കർഷകരുടെ നഷ്ടം കൃഷി വകുപ്പും നികത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. ജില്ലയിൽ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് വനം വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. എം. അന്ത്രു ഹാജി, മായൻ മുതിര, കല്ലിടുമ്പൻ ഹംസ ഹാജി, അലവി വടക്കേതിൽ, കെ.പി. ലത്തീഫ്, അസീസ് കരേക്കാടൻ, നാസർ കേളോത്ത് പ്രസംഗിച്ചു.
സെക്രട്ടറി സി.മുഹമ്മദ് നന്ദി പറഞ്ഞു. ജില്ലാ ലീഗ് സെക്രട്ടറിയായി തെരഞ്ഞെടുത്ത വി. അസൈനാർ ഹാജിയെ ഷാളണിയിച്ച് ആദരിച്ചു.