ഇ-മുറ്റത്തിലൂടെ സ്മാർട്ടായി കൽപ്പറ്റ നഗരസഭ

ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി പൂർത്തീകരിക്കുന്ന ജില്ലയിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കൽപ്പറ്റ നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സാക്ഷരതാ മിഷനിലൂടെയാണ് കല്‍പ്പറ്റ നഗരസഭയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പിലാക്കിയത്. ഇ- മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം അഡ്വ ടി.സിദ്ധീഖ് എം.എൽ.എ നിർവ്വഹിച്ചു. സാക്ഷരതാ പ്രവർത്തനങ്ങളുടെ അതിനിർണ്ണായക ഘടകമാണ് ഇ-സാക്ഷരതയെന്ന് എം എൽ എ പറഞ്ഞു. ബസിന്റെ ബോർഡ്, വർത്തമാന പത്രങ്ങൾ തുടങ്ങിയവ വായിക്കാനും ഡിജിറ്റൽ പേയ്മെന്റ് നടത്താനുമെല്ലാം ആളുകളെ പഠിപ്പിക്കാൻ ആത്മാർത്ഥമായി പ്രയത്നിനിച്ചവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപ്പറ്റ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.

ഡിജിറ്റൽ നിരക്ഷരത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഇ-മുറ്റം. കംപ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ, സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ഇ – മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ഗവ. എന്‍.എം.എസ്.എം.കോളേജിലെ എൻ എസ് എസ്, എൻ സി സി വളണ്ടിയർമാർക്ക് പരിശീലനം നൽകി യിരുന്നു. അവർ മുഖേന രജിസ്റ്റർ ചെയ്ത പഠിതാക്കൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിച്ച് 10 മണിക്കൂർ ക്ലാസ്സ് നൽകി. നഗരസഭയിലെ 28 വാർഡുകളിലേക്ക് 2 പേർ വീതം 56 വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കി. സാക്ഷരതാ മിഷന്റെ മേപ്പാടി, കൽപ്പറ്റ ഹയർ സെക്കൻഡറി തുല്യതാ പഠന കേന്ദ്രങ്ങളിലെ പഠിതാക്കളും പ്രവർത്തനങ്ങളിൽ പങ്കാളികളായി.

നഗരസഭ വൈസ് ചെയർപേഴ്സൺ കെ. അജിത, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. എ.പി മുസ്തഫ, അഡ്വ.ടി.ജെ ഐസക്, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.വി ശാസ്ത പ്രസാദ്, കൽപ്പറ്റ നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി പി.ടി ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥർ, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *