മീനങ്ങാടി: കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി വന്നതോടെ 3 മാസം മുമ്പ് അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തില്‍ വിതച്ച മണിച്ചോളവും ചാമയും ഇപ്പോള്‍ വിളവെടുപ്പിന് പാകമായിരിക്കുകയാണ്. സമീഹൃതാഹാരത്തിന്‍റെ ഉറവിടമായ ചെറുധാന്യങ്ങള്‍ക്ക് വെള്ളം കുറച്ച് മതിയെന്നതും ഉത്പാദന ചെലവ് താരതമ്യേന കുറവാണെന്നതും കര്‍ഷകര്‍ക്ക് ആശ്വാസമാണ്. വിളവെടുപ്പ് മഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയന്‍ ഉത്ഘാടനം ചെയ്തു. ചെറുധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരീരത്തെ പോഷിപ്പിക്കുകയും പ്രമേഹം ഹൃദ്രോഗം ദഹനനാളത്തിലെ പ്രശ്നങ്ങള്‍ തുടങ്ങിയവക്ക് യോജിച്ച ഭക്ഷണവുമാണെന്നതുകൊണ്ട് കര്‍ഷകര്‍ തയ്യാറായാല്‍ കൂടുതല്‍ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നാസര്‍ പാലക്കമൂല, ശാന്തി സുനില്‍ കൃഷി ഓഫീസര്‍ ജ്യോതി സി ജോര്‍ജ് , കാര്‍ഷിക കര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.