രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവ്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് രാഹുല്‍ പ്രതിപക്ഷ നേതാവാകണമെന്ന പ്രമേയം പാസാക്കിയത്.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ പ്രവർത്തക സമിതി പ്രശംസിച്ചു. പ്രമേയത്തെ രാഹുല്‍ എതിര്‍ത്തില്ല ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് പ്രവർത്തക സമിതി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ഥിക്കുകയിരുന്നു. തുടർന്ന് പ്രവര്‍ത്തകസമിതിയില്‍ പ്രമേയം പാസാക്കി. പാർലമെന്ററി പാർട്ടി യോഗത്തിന് പിന്നാലെ ഉടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. 101 എംപിമാരാണ് ഇത്തവണ കോണ്‍ഗ്രസിനുള്ളത്. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിനാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുക. പാർട്ടിയെ വലിയ ഒരു തിരിച്ചുവരവിലേക്ക് നയിച്ചതില്‍ രാഹുല്‍ ഗാന്ധിക്ക് നിർണ്ണായക പങ്കുണ്ടെന്നും രാഹുല്‍ തന്നെ മോദിക്കെതിരെയുള്ള തുടർന്നുള്ള പോരാട്ടം നയിക്കണമെന്നുള്ള വിലയിരുത്തലിലാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം എത്തിയത്. കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ് രാഹുല്‍ പ്രതിപക്ഷ നേതാവ് ആകണമെന്ന പ്രമേയം കൊണ്ടു വന്നു. ഒറ്റക്കെട്ടായി പ്രവർത്തക സമിതി ഇതിനെ പിന്തുണക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു. അദ്ദേഹത്തിന്റെ ചിന്തയും വ്യക്തിത്വവും യാത്രകളില്‍ പ്രതിഫലിച്ചു. ലക്ഷക്കണക്കിന് പ്രവര്‍ത്തകരിലും കോടിക്കണക്കിന് വോട്ടര്‍മാരിലും ഇത് വിശ്വാസം വളര്‍ത്തിയെന്ന് പ്രമേയത്തില്‍ പറയുന്നു. ഇന്ന് നടക്കുന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും. തുടര്‍ന്ന് രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ നേതാക്കളെയും തിരഞ്ഞെടുക്കും

Leave a Reply

Your email address will not be published. Required fields are marked *