തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കും. ബജറ്റിലെ ധനാഭ്യാർഥന ചർച്ചകളാണ് പ്രധാന അജണ്ടയെങ്കിലും ലോക്സഭ ജനവിധിയുമായി ബന്ധപ്പെട്ട ചൂടേറിയ സംവാദത്തിനും സഭാതലം വേദിയാകും.
15ാം കേരള നിയമസഭയുടെ 11ാം സമ്മേളനമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. ജൂലൈ 25 വരെ തുടരും. ആകെ 28 ദിവസം ചേരാന്‍ നിശ്ചയിച്ച സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ എട്ടുവരെ 13 ദിവസം ധനാഭ്യർഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് നീക്കിവെച്ചിട്ടുള്ളതെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഫെബ്രുവരി അഞ്ചിന് അവതരിപ്പിച്ച ബജറ്റിലെ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന അതത് സബ്ജക്ട് കമ്മിറ്റികള്‍ നിർവഹിച്ചു കഴിഞ്ഞിട്ടുണ്ട്. സമ്മേളന കാലയളവില്‍ അഞ്ചുദിവസം അംഗങ്ങളുടെ അനൗദ്യോഗിക കാര്യങ്ങള്‍ക്കും എട്ട് ദിവസം ഗവണ്മെന്റ് കാര്യങ്ങള്‍ക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിനമായ തിങ്കളാഴ്ച രാവിലെ ചോദ്യോത്തരവേളക്ക് ശേഷം അൽപസമയം സഭാ നടപടികള്‍ നിര്‍ത്തിവെക്കും. അംഗങ്ങളുടെ ഗ്രൂപ് ഫോട്ടോ എടുക്കുന്നതിനാണ് ഈ ഇടവേള. തുടര്‍ന്ന് 2024 ലെ കേരള പഞ്ചായത്തീ രാജ് (രണ്ടാം ഭേദഗതി) ബില്‍, 2024 ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനക്കായി അയക്കുകയും ചെയ്യും. ജൂണ്‍ 13, 14, 15 തീയതികളിലായി ലോക കേരള സഭയുടെ നാലാം സമ്മേളനം ശങ്കരനാരായണന് തമ്പി മെംബേഴ്സ് ലോഞ്ചില്‍ നടക്കും. ഈ ദിവസങ്ങളിൽ സഭാസമ്മേളനമുണ്ടാകില്ല. രാജ്യസഭ തെരഞ്ഞെടുപ്പും ഈ സമ്മേളന കാലയളവിൽ നടക്കും.