വാളത്തൂർ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി 21ന് മൂപ്പൈനാട് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തും

കൽപ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് വാളത്തൂർ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 21ന് മൂപ്പൈനാട് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വയനാട് പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്വാറിയുടെ പ്രവർത്തനം നിർത്തലാക്കാനാവശ്യമായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനമുണ്ടാകണമെന്നും, ക്വാറിക്ക് അനുകൂലമായി ഉടമകൾ സമ്പാധിച്ച വ്യാജ രേഖ ചമച്ചുണ്ടാക്കിയ അനുമതി പത്രങ്ങൾ റദ്ദാക്കണമെന്നുമാണ് പ്രധാന ആവശ്യം. ജൂൺ 26 ന് അവസാനിക്കുന്ന നിലവിലുള്ള ലൈസൻസ് പുതുക്കി നൽകാതിരിക്കുക, പഞ്ചായത്ത് റോഡിലെ ക്വാറി മാഫിയയുടെ അനധികൃത കയ്യേറ്റം അവസാനിപ്പിക്കുക, നിലവിലുള്ള കയ്യേറ്റത്തിനെതിരെ പഞ്ചായത്ത് നിയമ നടപടികൾ സ്വീകരിക്കുക, ജിയോളജി, പൊല്യൂഷൻ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടായേക്കാവുന്ന ഭീഷണികളെ കുറിച്ച് പഠനം നടത്തുകയും ജനങ്ങളുടെ ഭീതി അകറ്റുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സൂചന സമരം കൊണ്ട് നീതി ലഭിക്കാത്ത പക്ഷം പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ശക്തമായ സമരപരിപാടികൾക്ക് സമിതി നേതൃത്വം നൽകുമെന്ന് ഭാരവാഹികളായ ചെയർമാൻ. റഹീം,സി, കൺവീനർ. ജാഫർ, ജോ.കൺവീനർ ഉമ്മർ.വി.കെ, അലി കുന്നക്കാടൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അതെ സമയം മൂപ്പൈനാട് പഞ്ചായത്തിലെ വാളത്തുര്‍ ചീരമട്ടത്ത് കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരായ പൗരസമിതി ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ പൗരസമിതിക്കുവേണ്ടി പ്രസിഡന്റ് വി.കെ. ഉമ്മര്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കുവരുന്നത്. ക്വാറിക്കു അനുവദിച്ച ലൈസന്‍സ് റദ്ദാക്കാന്‍ 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി(ഡിഡിഎംഎ) ചെയര്‍പേഴ്‌സണുമായ കളക്ടര്‍ ഡോ.രേണുരാജ് 2023 മാര്‍ച്ച് അവസാനവരം പഞ്ചായത്ത് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ ലൈസനസ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിഡിഎംഎ ഉത്തരവ് തടഞ്ഞത്. ഇതിനെതിരേ പൗരസമിതി നല്‍കിയ ഹരജി മെയ് 20നാണ് ഡിവിഷന്‍ ബെഞ്ച് ആദ്യം പരിഗണിച്ചത്. ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും ഡിഡിഎംഎ നിര്‍ദേശത്തില്‍ നിലപാട് അറിയിച്ച് ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. മൂപ്പൈനാട് പഞ്ചായത്തിലെ 12,13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ചീരമട്ടം. ഇവിടെ മൂന്നര ഏക്കറില്‍ ഖനനത്തിനു 2021ലാണ് പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് അനുവദിച്ചത്. ക്വാറിക്കെതിരേ പ്രദേശവാസികള്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ദീര്‍ഘകാലമായി സമരമുഖത്താണ്. ക്വാറി ലൈസന്‍സ് പുതുക്കരുതെന്ന് ആവശ്യപ്പെട്ട് ഈ മാസം 21ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *