പുളിഞ്ഞാൽ റോഡ് ദുരിതം ജനതാദൾ എസ് ഉപവാസം നടത്തി

കൽപ്പറ്റ: വെള്ളമുണ്ട-പുളിഞ്ഞാൽ – മൊതക്കര പി.എം.ജി.എസ്.വൈ റോഡ് നിർമ്മാണത്തിൽ ഉദ്യോഗസ്ഥരുടെയും കരാറുകാരൻ്റെയും ഉദാസീന നടപടികൾക്കെതിരെയും നിഷേധാത്മക സമീപനത്തിനെതിരെയും ജനതാദൾ എസ് നേതൃത്വത്തിൽ കല്പറ്റ പി എം ജി എസ് വൈ പ്രൊജക്ട് ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തി. ജനതാദൾ എസ് അഖിലേന്ത്യ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അസീസ് കെ,മാനന്തവാടി മണ്ഡലം പ്രസിഡന്റ്‌ പുത്തൂർ ഉമ്മർ, വൈ.ജെ.ഡി.എസ് സംസ്ഥാന സെക്രട്ടറി നിസാർ പള്ളിമുക്ക്, ജില്ലാ സെക്രട്ടറി നിജിൽ വി, റെജി സി, ഉമറലി സി.എച്ച്‌ തുടങ്ങിയവർ സംസാരിച്ചു. 2020-2021 സാമ്പത്തിക വർഷം പി.എം.ജി.വൈ. പദ്ധതിയിലുൾപ്പെടുത്തി അഞ്ചുകോടിരൂപ റോഡിന് അനുവദിച്ചിരുന്നു. ഇത്ര ഏറെക്കാലമായിട്ടും റോഡുപണി നിലച്ച മട്ടിലാണ്. അല്പകാലം പ്രയാസം സഹിച്ചാലെങ്കിലും റോഡുപണി വേഗംകഴിഞ്ഞാൽ സുഗമമായി സഞ്ചരിക്കാമെന്നു കരുതിയാണ് വലിയ പ്രതിഷേധവുമായി നാട്ടുകാർ മുന്നോട്ടു പോകാഞ്ഞത്. അത് ജനങ്ങളുടെ ഒരു ദൗർബല്യമായി ഉദ്യോഗസ്ഥർ കാണരുതെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജുനൈദ് കൈപ്പാണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മഴക്കാലമായതോടെ ഇതുവഴിയുള്ള കാൽനടപോലും ദുഷ്കരമായിരിക്കുന്നു. വാഹനങ്ങൾക്ക് കടന്നുപോകാനുള്ള താത്‌കാലിക സംവിധാനം പോലും ഇല്ലാതായിരിക്കുകയാണ്. റോഡുപണി തുടങ്ങിയപ്പോൾ ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയതും യാത്രാക്ലേശമുണ്ടാക്കിയിരിക്കുന്നു. ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി പൈപ്പിടൽ പ്രവൃത്തി തുടങ്ങിയതോടെയാണ് ദുരിതം രൂക്ഷമായത്. ജൽ ജീവൻ മിഷൻ അധികൃതരും പി. എം. ജി.എസ്. വൈ ഉദ്യോഗസ്ഥരും തമ്മിലുള്ള അനാവശ്യ പിടിവാശിയും ആശയവിനിമയ അവ്യക്തതയുടെയും ബലിയാടുകളായി മാറിയിരിക്കുന്ന പ്രദേശവാസികളുടെ ക്ഷമ പരീക്ഷികരുതെന്നും സമരത്തിൽ സംസാരിച്ച നേതാക്കൾ പറഞ്ഞു. പണി തുടങ്ങിയിട്ട് വർഷങ്ങൾ ആയിട്ടും ജനങ്ങളുടെ ദുരിതപരിഹാരത്തിനു തെയ്യാറാവാത്ത ഉദ്യോഗസ്ഥ സമൂഹം ഇനിയെങ്കിലും തിരുത്താൻ സന്നദ്ധമായില്ലെങ്കിൽ ബഹുജനങ്ങള അണിനിരത്തി ശക്തമായ പ്രതിഷേധങ്ങൾക്ക് ജനതാദൾ എസ് നേതൃത്വം നൽകുമെന്നും നേതാക്കൾ ഉപവാസ സമരത്തിൽ അറിയിച്ചു. പ്രവൃത്തി ഉടനെ ആരംഭിക്കാൻ വേണ്ട നടപടികളും തുടർന്നുള്ള കരാർ സമ്പന്ധമായ ക്രമീകരങ്ങളും സത്വരമായി നിർവഹിക്കുമെന്ന ജൽ ജീവൻ അധികൃതരുമായും പി. എം.ജി.എസ്.വൈ ഉദ്യോഗസ്ഥരുമായും നടത്തിയ ആശയവിനിമയത്തിൽ ഉറപ്പുലഭിച്ചതോടെ ജനതാദൾ എസ് നേതാക്കൾ ഉപവാസ സമരം തത്കാലം ഏകദിനത്തോടെ അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *