കൽപറ്റ: രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം വിടുന്നുവെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വം ജനം സ്വീകരിച്ചു. ആയിരക്കണക്കിനു കിലോമീറ്ററുകൾ അദ്ദേഹം സഞ്ചരിച്ചത് ജനഹൃദയങ്ങളിലേറിയാണ്. ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് രാഹുൽ എത്തിയെന്നും സുധാകരൻ കൽപറ്റയിൽ പറഞ്ഞു. “ഈ തെരഞ്ഞെടുപ്പിൽ ഒരേസമയം സന്തോഷിക്കുകയും വേദനിക്കുകയും ചെയ്യുന്നവരാണ് വയനാട്ടുകാരെന്ന് എനിക്കറിയാം. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ നേട്ടത്തിന് ചുക്കാൻ പിടിച്ച രാഹുൽ ഗാന്ധി വിജയിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ട്. എന്നാൽ രാഹുൽ വയനാട് വിട്ടുപോകുന്നു എന്നറിയുമ്പോൾ ദുഃഖമുണ്ട്. ഇന്നു രാവിലെ വരുന്ന വഴി ഒരു സ്ത്രീ ഇക്കാര്യം എന്നോട് പറയുകയും ചെയ്തിരുന്നു. ഏതായാലും നമ്മുടെ മുന്നിൽ ഒരു ഉയർച്ചയും വളർച്ചയും കാത്തിരിക്കുകയാണ്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തപ്പോൾ, ഇന്ത്യയിലെ കോടിക്കണക്കിനു ജനം അദ്ദേഹത്തെ അംഗീകരിച്ചു കഴിഞ്ഞു എന്നാണർഥം. അദ്ദേഹത്തിന്റെ് വ്യക്തിത്വം ജനം സ്വീകരിച്ചു. ആയിരക്കണക്കിനു കിലോമീറ്ററുകൾ അദ്ദേഹം സഞ്ചരിച്ചത് ജനഹൃദയങ്ങളിലേറിയാണ്. ഒരിക്കലും കോൺഗ്രസിനെയോ തന്നെയോ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞില്ല. സ്നേഹത്തിന്റെ നൂലിഴയാൽ ഇന്ത്യയുടെ ഹൃദയത്തെ ബന്ധിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയൊരു മനുഷ്യൻ ഇന്ത്യയിൽ വേറെയുണ്ടോ? ഇന്ത്യയെ നയിക്കുന്നിടത്തേക്കാണ് അദ്ദേഹത്തിന്റെ് വളർച്ച. ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് അദ്ദേഹം എത്തിയിരിക്കുന്നു. ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്നു നിൽക്കാൻ സാധിക്കില്ല. അതിനാൽ നാം പ്രയാസപ്പെട്ടിട്ട് കാര്യമില്ല. അക്കാര്യം ഉൾക്കൊണ്ടുകൊണ്ട് പ്രിയപ്പെട്ട രാഹുൽജിക്ക് എല്ലാ ഭാവുകങ്ങളും നേരുക” -കെ. സുധാകരൻ പറഞ്ഞു.