കുവൈത്ത് തീപിടിത്തം: മരിച്ച ഒമ്പത് മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടിത്തത്തിൽ മരിച്ച ഏഴ് മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടിൽ ഉമറുദ്ദീന്റെയും ശോഭിതയുടെയും മകൻ ഷെമീർ (33), കോട്ടയം പാമ്പാടി വിശ്വഭാ രതി കോളജിന് സമീപം വാടകക്ക് താമസിക്കുന്ന പാമ്പാടി ഇടിമാരിയിൽ സാബു ഫിലിപ്പിന്റെ മകൻ ‌സ്റ്റെഫിൻ എബ്രഹാം സാബു (29), കാസർകോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), ചെറുവത്തൂർ പിലിക്കോട് എരവിൽ സ്വദേശി തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ താമസിക്കുന്ന പി. കുഞ്ഞിക്കേളു (58), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്റെ മകൻ ആകാശ് (32), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ നായർ (60), കോന്നി അട്ടച്ചാക്കൽ കൈതക്കുന്ന് ചെന്നശ്ശേരിൽ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിയ്ക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ലപുത്തൻ വീട്ടിൽ ജോർജ് പോത്തന്റെയും വത്സമ്മയുടെയും മകൻ സാജൻ ജോർജ് (29), വെളിച്ചിക്കാല വടകോട് വിളയിൽവീട്ടിൽ ഉണ്ണൂണ്ണി- കുഞ്ഞമ്മ ദമ്പതികളുടെ മകൻ ലൂക്കോസ് (48) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തിൽപെട്ടത്. മലയാളികളടക്കം 49 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.നിരവധി പേർക്ക് സാരമായ പരിക്കേറ്റു. ഇവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച പുലർച്ച നാലുമണിക്കാണ് മൻ ഗഫ് ബ്ലോക്ക് നാലിലെ ആറുനില കെട്ടിടത്തിൽ തീപടർന്നത്. കെട്ടിടത്തിൽ 196 പേരായിരുന്നു താമസിച്ചിരുന്നത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല.തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് തീ പിടിത്തം എന്നത് മരണസംഖ്യ ഉയരാൻ കാ രണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതൽ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽനിന്നും ചിലർ താഴേക്ക് ചാടി. പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. ക്യാമ്പിൽ ഉണ്ടായിരുന്ന 49 പേരെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. ഇതിൽ 42 പേർ ഇന്ത്യക്കാരും ഏഴുപേർ ഫിലിപ്പീൻസ് സ്വദേശികളുമാണ്. ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മലയാളികളാണ്. വ്യാഴാഴ്ചയേ പൂർണവിവരങ്ങൾ ലഭ്യമാകൂ. ദുരന്തകാരണം അന്വേഷിക്കാൻ ഉത്തരവായിട്ടുണ്ട്.

ഹെൽപ് ലൈൻ തുടങ്ങി കുവൈത്ത് സിറ്റി:

തീപിടിത്ത ദുരന്തത്തിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കുവൈ ത്തിലെ ഇന്ത്യൻ എംബസി എമർജൻസി ഹെൽപ് ലൈൻ ആരംഭിച്ചു. നമ്പർ: +965 65505246. പ്രവാസിൾക്ക് ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-880212 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവിസ്) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *