പുൽപ്പള്ളി: മൂഴിമല കുരിശുകവലയ്ക്ക് സമീപം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സമീപത്തെ വനത്തില്‍നിന്നും കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് കടന്നത്. ഒറ്റക്കുന്നേല്‍ തോമസ്, കോതാട്ടുകാലായില്‍ ബേബി, കവുങ്ങുംപള്ളി തോമസ്, കോതാട്ടുകാലായില്‍ ഗ്രേസി, ഒറ്റക്കുന്നേല്‍ ചാക്കോ തുടങ്ങിയ കര്‍ഷകരുടെ വാഴ, ഏലം, കാപ്പി, കമുക് തുടങ്ങിയ വിളകളെല്ലാം കാട്ടാന നശിപ്പിച്ചു. കൃഷിയിടത്തിന്റെ അതിര്‍ത്തിയിലെ മുള്ളുവേലിയും ആന തകര്‍ത്തിട്ടുണ്ട്. പ്രദേശവാസികളായ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടായത്. കഴിഞ്ഞ കുറച്ച് നാളുകളായി എല്ലാ ദിവസവും ഈ മേഖലയില്‍ കാട്ടാനയിറങ്ങി നാശംവരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് ആനകളാണ് ജനവാസ മേഖലയിലെത്തിയത്. മുഴിമല, കാപ്പിക്കുന്ന് വനഭാഗത്തുനിന്നാണ് ആനകള്‍ നാട്ടിലേക്കിറങ്ങുന്നത്. വനാതിര്‍ത്തിയില്‍ വനംവകുപ്പിന്റെ വൈദ്യുതി വേലിയുണ്ടെങ്കിലും ഇത് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇത് നന്നാക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ ചേര്‍ന്ന് വൈദ്യുതി വേലി സ്ഥാപിച്ചെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ആനശല്യം രൂക്ഷമായിട്ടും ശല്യക്കാരായ ആനകളെ ഉള്‍വനത്തിലേക്ക് തുരത്താനാവശ്യമായ നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഒരാഴ്ചക്കിടെ ഏക്കറുകണക്കിന് കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. വീടിന്റെ മുറ്റത്തുപോലും കാട്ടാന എത്താന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ കടുത്ത ഭീതിയിലാണ്. വനംവകുപ്പ് അടിയന്തിരമായി വനാതിര്‍ത്തിയിലെ തകര്‍ന്നുകിടക്കുന്ന കിടങ്ങും വൈദ്യുതി വേലിയും നന്നാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.