കല്‍പ്പറ്റ: ദേശീയ മത്സരപരീക്ഷയായ നീറ്റ് ഏറ്റവും പ്രധാനപ്പെട്ടതും കൂടുതല്‍ കുട്ടികള്‍ എഴുതുന്നതുമാണ്. നീറ്റ് പരീക്ഷയില്‍ നടന്നതായ കൃത്രിമം ഏറെ ഗൗരവതരവും ഉണ്ടാവാന്‍ പാടില്ലാത്തതുമാണെന്ന് കല്‍പ്പറ്റ നിയോജകണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ് പറഞ്ഞു. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയില്‍ 67 പേര്‍ ഒന്നാം റാങ്കുകാരായത് വിവാദമായിരുന്നു. ദേശീയ പരീക്ഷ ഏജന്‍സി(എന്‍.ടി.എ) ഏതാനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയത് ആശങ്കാജനകമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ക്രമക്കേടും ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിദ്ധീകരിച്ച ഫലത്തെ സംശയത്തോടെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നോക്കികാണുന്നത്. ഈ പരീക്ഷയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ട് ചോദ്യപേപ്പര്‍ സജ്ജീകരണം, പരീക്ഷാ നടത്തിപ്പ്, പരീക്ഷാ കേന്ദ്രങ്ങളുടെ നിരീക്ഷണം എന്നിവ ഉള്‍പ്പെടെ പരീക്ഷാ പ്രക്രിയയുടെ നീതിക്കും സുതാര്യതയ്ക്കും കോട്ടം വരുത്തിരിക്കുകയാണ് ഇതിന് കാരണകാരായ ആളുകള്‍ക്കെതിരെ സമഗ്ര അന്വേക്ഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടിയും പരീക്ഷ നടത്തിപ്പ് സുതാര്യമാക്കാനുള്ള മാനദണ്ഡങ്ങളും ക്രമീകരണങ്ങളും ഉണ്ടാകണമെന്നും കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ എന്‍.എം.എം.എസ്, യു.എസ്.എസ് പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ എംഎല്‍.എ ആവശ്യപ്പെട്ടു.വയനാടിന്റെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് എം എല്‍ എ കെയറിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്പാര്‍ക്ക്. പത്തു പദ്ധതികളാണ് സ്പാര്‍ക്കിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. അതില്‍ beyond the horizon എന്ന പദ്ധതിയുടെ ഭാഗമായാണ് വിവിധ മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം നടത്തുന്നത്. സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷം നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌ക്കൂളിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷക്കുള്ള പരിശീലനം നടത്തി വരുകയാണ്. കല്‍പ്പറ്റയില്‍ 2020-ല്‍ 17 വിദ്യാര്‍ത്ഥികള്‍ മാത്രം വിജയിച്ച എന്‍.എം.എം.എസ് പരീക്ഷയില്‍ ആദ്യ വര്‍ഷം 34 വിദ്യാര്‍ത്ഥികളായും, കഴിഞ്ഞ വര്‍ഷം അത് 45 വിദ്യാര്‍ത്ഥികളായും, ഈ വര്‍ഷം കൂടുതല്‍ ഉയര്‍ന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് എം എല്‍ എ പറഞ്ഞു. ജില്ലയില്‍ ഈ വര്‍ഷം നൂറോളം വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയിച്ചിട്ടുള്ളത്. അതില്‍ പകുതിയോളം കല്‍പ്പറ്റ നിയോജക മണ്ഡലത്തിലാണ്. അതോടൊപ്പം തന്നെ പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ സി.യു.ഇ.ടി. കഴിഞ്ഞവര്‍ഷം നല്‍കിയ സി.യു.ഇ.ടി പ്രവേശന പരീക്ഷ പരിശീലനത്തിന്റെ ഭാഗമായി പത്തിലധികം വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടി. കേന്ദ്ര സര്‍വ്വകലാശാലകളില്‍ നിയമപഠനത്തിനുള്ള പ്രവേശന പരീക്ഷയായ ക്ലാറ്റ് പരിശീലനത്തിന്റെ ഭാഗമായി എസ്.ടി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍വകലാശാലകളില്‍ നിയമ പഠനത്തിന് അര്‍ഹരായത് സ്പാര്‍ക്ക് പദ്ധതിയുടെ അഭിമാനാര്‍ഹമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ പരിശീലനവും നല്‍കി വരുന്നുണ്ട്. ഈ വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ നടന്നു വരുകയാണ്. സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തിയതിനു ശേഷം തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ പരിശീലനം നല്‍കിയത് ഇതോടൊപ്പം തന്നെ സ്പാര്‍ക്ക് പദ്ധതിയുടെ അനുബന്ധ പദ്ധതിയായ ഒപ്പം ഒപ്പത്തിനൊപ്പം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ക്കും, കോളേജുകള്‍ക്കും, കെട്ടിടവും, ലാപ്ടോപുകള്‍, പ്രൊജക്ടറുകള്‍, വാട്ടര്‍ പ്യുരിഫയര്‍, ഡെസ്‌ക്, ബെഞ്ച് തുടങ്ങിയവ നല്‍കി ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരുന്നു. കല്‍പ്പറ്റ എം എല്‍ എ ഓഫിസ് പരിസരത്ത് വെച്ചു നടന്ന ചടങ്ങില്‍ സ്പാര്‍ക്ക് ടീമംഗങ്ങളായ കെ വി മനോജ് അധ്യക്ഷത വഹിച്ചു, സുനില്‍ കുമാര്‍ എം സ്വാഗതവും, ബിനീഷ് കെ ആര്‍ നന്ദിയും പറഞ്ഞു. പി. കബീര്‍, ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു