ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായതായി തുറന്നു സമ്മതിച്ച് കേന്ദ്രം. രണ്ടിടത്ത് ക്രമക്കേടുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ സമ്മതിച്ചു.
രണ്ടിടത്ത് ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്നാണ് ഒഡീഷയിലെ സാംബല്‍പൂരില്‍ ഒരു വാര്‍ത്ത ഏജല്‍സിക്ക് നല്‍കിയ പ്രതികരണത്തിലെ വെളിപ്പെടുത്തല്‍. കുറ്റം ചെയ്തവര്‍ എത്ര വലിയ ഉദ്യോഗസ്ഥരായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തലോടെ എന്‍ടിഐ യുടെ പരീക്ഷാനടത്തിപ്പിലുള്ള സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണ്. മെയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകത ഉണ്ടെന്നുമായിരുന്നു വിദ്യാര്‍ത്ഥികളും രക്ഷിതാകളും ഉന്നയിച്ചത്. പരീക്ഷയില്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്രയിലെ പരീക്ഷാ സെന്ററില്‍ നടന്ന ക്രമക്കേടിനെ തുടര്‍ന്നാണ് അറസ്റ്റ്. ഉത്തരമറിയാത്ത ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ എഴുതാതെ പിന്നീട് അധ്യാപകര്‍ ശരിയായി പൂരിപ്പിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ ക്രമക്കേട് നടത്തുന്നതിന് ഒരോ വിദ്യാര്‍ഥിയില്‍ നിന്നും പത്ത് ലക്ഷം രൂപ വീതമാണ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.