പുല്‍പള്ളി: ചിയമ്പം 73ല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാട്ടാന. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും മറ്റൊരു വീട്ടിലെ തൊഴുത്തും തകർത്തു.
ചിയമ്പം കോളനിയിലെ ഫോറസ്റ്റ് വാച്ചർ ബാബുവിന്റെ കാറാണ് തകർത്തത്. കാറിന്റെ പിൻഭാഗത്ത് കൊമ്പ് തറച്ച് കയറിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ച അഞ്ചു മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ബാബൂവിന്റെ സഹോദരൻ രതീഷിന്റെ വീട് ലക്ഷ്യമാക്കി പോകുന്നതാണ് കണ്ടത്. ആനയെ പടക്കം പൊട്ടിച്ചും മറ്റും ഓടിക്കാൻ ശ്രമിക്കുന്നതിനിടെ തൊഴുത്ത് നശിപ്പിക്കുകയായിരുന്നു. ബാബുവിനെയും വീട്ടുകാരെയും ആന ഓടിക്കുകയും ചെയ്തു. മുറ്റത്തിറങ്ങിയ വീട്ടുകാര്‍ക്കുനേരെ കാട്ടാന വീണ്ടും ഓടിയടുത്തതിനെ തുടര്‍ന്ന് തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടത്. ഇതിനിടെ മറ്റൊരു ആനയും അവിടെയെത്തി തൊഴുത്ത് വീണ്ടും തകർത്തു. തെങ്ങ് അടക്കമുള്ള നിരവധി മരങ്ങളും മറിച്ചിട്ടു. ബാബുവിന്റെ സഹോദരനായ രതീഷിന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തും മുറ്റത്തെ തെങ്ങും തോട്ടത്തിലെ നിരവധി മരങ്ങളും ആന കുത്തി മറിച്ചിട്ട് നശിപ്പിച്ചു. മറ്റൊരു സേഹാദരനായ രഘുവിന്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കമുക് ഉള്‍പ്പെടെയുള്ള കൃഷികളും ആനകള്‍ പൂര്‍ണമായി നശിപ്പിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍ നിന്നിറങ്ങിയ രണ്ട് കാട്ടാനകളാണ് വ്യാപകമായി നാശനഷ്ടം വരുത്തിയത്. ബാബുവിന്റെ ഭാര്യ രാധ, മകള്‍ ആര്‍ഷ, സഹോദരന്‍ രതീഷ്, രതീഷിന്റെ ഭാര്യ അമ്മു, സന്തോഷ് എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിന് മുന്നില്‍ നിന്നും രക്ഷപ്പെട്ടത്. ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. വനാതിര്‍ത്തിയിലെ കിടങ്ങ് പൂര്‍ണമായി തകര്‍ന്നു കിടക്കുന്നതാണ് കാട്ടാനയിറങ്ങുന്നതിന് കാരണം.