നീറ്റ് യു.ജി: 38 ഹർജിക്ക് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ചോദ്യപ്പേപ്പർ ചോർച്ച, ക്രമക്കേട് തുടങ്ങി നീറ്റ് യു.ജി. പരീക്ഷയുമായി ബന്ധപ്പെട്ട് 38 ഹർജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാകും ഹർജികള്‍ പരിഗണിക്കുക. പരീക്ഷയില്‍ 67 പേർക്ക് മുഴുവൻ മാർക്കു ലഭിച്ചത് സിലബസ് ലഘൂകരിച്ചതുകൊണ്ടാണെന്ന് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇക്കാര്യവും സുപ്രീം കോടതി പരിഗണിക്കും. നീറ്റ് യു.ജി. ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികളില്‍ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.), വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹർജികള്‍ വേനല്‍ അവധിക്കുശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു. നീറ്റ് യു.ജി., യു.ജി.സി. നെറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ സി.ബി.ഐ.അന്വേഷണം പുരോഗമിക്കുകയാണ്. ബിഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഇരുപതിലേറെ പേരെ ഇതുവരെ സി.ബി.ഐ. അറസ്റ്റുചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *