തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു റേഷൻ ഡീലേഴ്സ് കോ- ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷൻ വ്യാപാരികള്‍ കടകളടച്ചിട്ട് നടത്തുന്ന പണിമുടക്ക് സമരം ഇന്ന് അവസാനിക്കും.
സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം തിങ്കളാഴ്ച പാളയം രക്തസാക്ഷി മണ്ഡത്തില്‍ ടി.പി. രാമകൃഷണൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്കു കാരണം കേന്ദ്രസർക്കാർ സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് അവകാശപ്പെട്ട വിഹിതം കേന്ദ്രം പിടിച്ചുവയ്ക്കുകയാണ്. അത്തരം വിഹിതങ്ങള്‍ ഉപയോഗിച്ചാണ് വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. എന്നാല്‍ ഈ വിഹിതങ്ങള്‍ കേന്ദ്രം തടഞ്ഞുവയ്ക്കുന്നതോടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാവുകയാണെന്നും അദ്ദേഹം പറഞ്ഞു. കിറ്റ് വിതരണം ചെയ്ത വകയിലുള്ള കമ്മീഷൻ നല്‍കുക, ക്ഷേമനിധി പുനരുധാരണം, ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംഘടനയുടെ പ്രതിനിധികള്‍ മന്ത്രി ജി.ആർ. അനില്‍, മന്ത്രി കെ.എൻ. ബാലഗോപാല്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ, സപ്ലൈകോ ചെയർമാൻ തുടങ്ങിയവരുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.