ദില്ലി : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയില്‍ നിർണായക റിപ്പോർട്ടുമായി സിബിഐ. ചോദ്യപേപ്പർ ചോർത്തിയത് പരീക്ഷക്ക് വേണ്ടി ജാർഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്നാണ് സിബിഐ കണ്ടെത്തല്‍.
ചോർത്തിയ പരീക്ഷാ പേപ്പറുകള്‍ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാർത്ഥികള്‍ക്ക് എത്തിച്ചു. പരീക്ഷാ പേപ്പർ ചോർന്ന വിഷയം വ്യക്തമായിരുന്നിട്ടും, സ്കൂള്‍ അധികൃതർ ഇക്കാര്യം സമയത്ത് എൻടിഎയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകള്‍ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോർട്ടില്‍ വിശദീകരിക്കുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയെയും പ്രതിസ്ഥാനത്ത് നിർത്തുന്ന റിപ്പോർട്ടാണ് സിബിഐ തയ്യാറാക്കിയത്.
അതേ സമയം, നീറ്റ് പരീക്ഷ വിവാദത്തില്‍ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്നുണ്ടാകും. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നുമാണ് എൻടിഎ കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. പാട്ന, ഗ്രോധ എന്നിവിടങ്ങളില്‍ ഒതുകുന്ന ക്രമക്കേടുകള്‍ മാത്രമാണ് നടന്നത്. തെറ്റായ കാര്യങ്ങള്‍ ചില വിദ്യാർത്ഥികള്‍ നടത്തിയതായി കണ്ടെത്തിയത് ചിലയിടങ്ങളില്‍ മാത്രമാണ്. ഇത് പൂർണ്ണമായി പരീക്ഷ നടപടികളെ ബാധിക്കുന്നില്ലെന്നും എൻടിഎ പറയുന്നു. റാങ്ക് ലിസ്റ്റിലും മാർക്ക് നല്‍കിയതിലും അപകാതയില്ലെന്നും ഗ്രേസ് മാർക്ക് പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും എൻടിഎ കോടതിയെ അറിയിച്ചു. അന്വേഷണത്തെ സംബന്ധിച്ച് സിബിഐയും റിപ്പോർട്ട് സമർപ്പിച്ചെന്നാണ് വിവരം. പരീക്ഷയുടെ പവിത്രതയ്ക്കേറ്റ കളങ്കം മറികടക്കാൻ ആകുന്നില്ലെങ്കില്‍ പുനഃപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി.