ഫോട്ടോഷൂട്ടിന് വേണ്ടി സാഹസം; കാറിന്റെ ഡോറിൽ തൂങ്ങി യുവാക്കളുടെ യാത്ര

കൽപ്പറ്റ: ഫോട്ടോഷൂട്ടിനായി കാറിന്റെ ഡോറില്‍ തൂങ്ങിക്കിടന്ന് യുവാക്കളുടെ സാഹസിക യാത്ര. കല്‍പ്പറ്റയിലെ മേപ്പാടി -നെടുമ്പാല റോഡിലാണ് സംഭവം. കർണാടക രജിസ്ട്രേഷിനിലുള്ള വാഹനത്തിലാണ് യുവാക്കളുടെ യാത്ര. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കാറിന്റെ ഡോറില്‍ യുവാക്കള്‍ അള്ളിപിടിച്ച്‌ നില്‍ക്കുന്നതാണ് വീഡിയോ. ഇതിനിടെ യുവാക്കള്‍ ചിത്രങ്ങള്‍ എടുക്കുന്നതും വീഡിയോയില്‍ കാണാം. ഇവരുടെ വാഹനത്തിന് പിന്നില്‍ വന്ന യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ എടുക്കുന്നത് കണ്ട് കൂടുതല്‍ പ്രഹസനം നടത്തിയതല്ലാതെ, നിലത്തിറങ്ങാനോ കാറില്‍ കയറാനോ യുവാക്കള്‍ കൂട്ടാക്കിയില്ല. യുവാക്കളുടെ അപകടകരമായ യാത്രയ്‌ക്ക് പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് വീഡിയോ കാണുന്നവർ പ്രതികരിക്കുന്നത്.

വിനോദസഞ്ചാര മേഖലകളില്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനുമൊക്കെയാണ് യുവാക്കള്‍ ഇത്തരത്തില്‍ സാഹസിക യാത്രകളും മറ്റും നടത്തുന്നത്. ഇത് മറ്റ് വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നേരത്തെയും പരാതികള്‍ ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *