കാലവര്‍ഷം; ജില്ലയില്‍ 26 ദുരിതാശ്വാസ ക്യാമ്പുകള്‍, 29 വീടുകള്‍ തകര്‍ന്നു

ജില്ലയില്‍ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മൂന്ന് താലൂക്കുകളിലായി 26 ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു. 300 കുടുംബങ്ങളില്‍ നിന്നായി 1002 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ചുവപ്പ് ജാഗ്രത പട്ടികയില്‍ ഉള്‍പ്പെട്ട വയനാട്ടില്‍ ബുധനാഴ്ച രാത്രിയിലും മഴ കനത്തതോടെയാണ് പുഴകളിലേക്കും ജലാശയങ്ങളിലേക്കും വന്‍ തോതില്‍ ജലമൊഴുക്ക് തുടങ്ങിയത്. ദുരിതാശ്വാസ ക്യാമ്പുകളിൽ 415 സ്ത്രീകളും 365 പുരുഷന്‍മാരും 222 കുട്ടികളുമാണുള്ളത്. ഇവര്‍ക്കു പുറമേ 104 പേര്‍ ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്.

പനമരം ഹൈസ്‌കൂളിലെ ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ കഴിയുന്നത്. 30 കുടുംബങ്ങളില്‍ നിന്നുള്ള 105 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 29 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. പ്രാഥമിക കണക്കെടുപ്പില്‍ 125 ഹെക്ടര്‍ കൃഷി നശിച്ചു.

കല്ലൂര്‍ ഹൈസ്‌കൂള്‍, മുത്തങ്ങ ജി.എല്‍.പി.സ്‌കൂള്‍, ചെട്ട്യാലത്തൂര്‍ അങ്കണവാടി, കല്ലിന്‍കര ഗവ യു .പി സ്‌കൂള്‍, നന്ദന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂള്‍, പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പറളിക്കുന്ന് ഡബ്ല്യൂ.ഒ.എല്‍.പി സ്‌കൂള്‍, തരിയോട് ജി.എല്‍.പി സ്‌കൂള്‍, ജി.എച്ച്.എസ്.എസ് പനമരം, അമൃത വിദ്യാലയം, കമ്മന നവോദയ സ്‌കൂള്‍, ഹില്‍ ബ്ലൂംസ് മാനന്തവാടി, എന്‍.എം.എല്‍ പി സ്‌കൂള്‍, ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂള്‍, ചെട്ട്യാലത്തൂര്‍ ജി.എല്‍.പി സ്‌കൂള്‍, തരുവണ ഗവ.ഹൈസ്‌കൂള്‍, ജി.എല്‍.പി.എസ് കൈതക്കല്‍, കൂളിവയല്‍ ഡബ്ല്യു.എം.ഒ ഇമാം ഗസാലി എന്നിവടങ്ങളിലാണ് ജില്ലയില്‍ കാലവര്‍ഷത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *