ബെംഗളൂരു: അങ്കോല മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്ന അർജുനെ കണ്ടെത്താൻ സൈന്യമിറങ്ങും. കർണാടക സർക്കാർ ഔദ്യോഗികമായി സൈനിക സഹായം തേടിയതായാണ് റിപ്പോർട്ട്.
അനുമതി ലഭിച്ചാല്‍ ബെലഗാവി ക്യാമ്പിൽ നിന്നുള്ള 40 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനിറങ്ങുക. രാവിലെ അങ്കോലയിലെത്തുന്ന സൈന്യം, കർണാടക പൊലീസിനൊപ്പം ചേർന്ന് റഡാറില്‍ ലോഹഭാഗം തെളിഞ്ഞ ഭാഗത്തെ മണ്ണ് മാറ്റുന്നതിനുള്ള ദൗത്യം ഏറ്റെടുക്കും. അതേസമയം, തിരച്ചലിനായി ഐഎസ്‌ആർഒയുടെ സഹായം തേടിയതായും റിപ്പോർട്ടുകളുണ്ട്. സാറ്റലൈറ്റിന്റെ സഹായത്തോടെ വാഹനം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. ഇന്നലെ രാത്രി റഡാറില്‍ ലോഹത്തിന്റെ സാന്നിധ്യം പതിഞ്ഞിരുന്നു. രക്ഷാദൗത്യത്തിനായി സൈനിക സഹായം അഭ്യർത്ഥിച്ച് അർജുന്റെ ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ഇമെയില്‍ അയച്ചിരുന്നു.
കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്ന് ദൗത്യത്തില്‍ വീഴ്ചയുണ്ടായതോടെയാണ് കുടുംബം സൈനിക സഹായം ആവശ്യപ്പെട്ടത്. ഇന്നലെ അർജുനായുള്ള തിരച്ചില്‍ കർണാടക പൊലീസ് അവസാനിപ്പിച്ചതിന് പിന്നാലെ ജന്മനാടായ കണ്ണാടിക്കലില്‍ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സേവ് അർജുൻ, രക്ഷാപ്രവർത്തനത്തില്‍ കർണാടക തുടരുന്ന അലംഭാവം അവസാനിപ്പിക്കുക, സൈന്യത്തെ ഇറക്കുക എന്നീ ആവശ്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.