മാതൃകയായി അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ ഗ്രാമാദരവ് 2024: 11 പേർക്ക് “ഗ്രാമാദരം ബഹുമതി” നൽകി ആദരിച്ചു

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ 2024 – 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിലെ വ്യത്യസ്ത മേഖലകളിൽ അന്തർദേശീയ – ദേശീയ – സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ “ഗ്രാമാദരം ബഹുമതി” നൽകി ആദരിക്കുന്ന “ഗ്രാമാദരവ് 2024” ബഹു. സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊച്ചങ്കോട് ഗോവിന്ദൻ (ആർച്ചറി), സുശാന്ത് മാത്യു (കായികം), ഡോ: അനുപമ (വിദ്യാഭ്യാസം), എ സി ബേബി (കായികം), ബേസിൽ അന്ത്രയോസ് (കായികം), ജോയൽ കെ ബിജു (കല), ജിജോ ജോർജ്ജ് (കായികം), റെയ്‌ച്ചൽ (ശാസ്ത്രം) എന്നിവർക്കാണ് “ഗ്രാമാദരം ബഹുമതി” നൽകി ആദരിച്ചത്.

കഴിഞ്ഞ വർഷം 100% വിജയം നേടിയ പഞ്ചായത്ത് പരിധിയിലുള്ള വടുവഞ്ചാൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, അമ്പലവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നെല്ലാറച്ചാൽ ഗവ: ഹൈസ്‌കൂൾ എന്നീ വിദ്യാലയങ്ങൾക്ക് അനുമോദനം നൽകി. കൂടാതെ പഞ്ചായത്ത് പരിധിയിൽ എസ് എസ് എൽ സി, വി എച്ച് എസ് ഇ, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് സ്വാഗതം പറഞ്ഞു.

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, വൈസ് പ്രസിഡന്റ് അമ്പിളി സുധി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സീത വിജയൻ, സുരേഷ് താളൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീഷ് ബി നായർ, പി കെ സത്താർ, തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് ആർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *