ന്യൂഡല്‍ഹി: രാജ്യത്ത് എക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ തുടര്‍ന്ന് ശക്തമായ എതിര്‍പ്പുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. മോദിയുടെ പ്രസംഗത്തിന് പിന്നാലെ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നു.
ഏകസിവില്‍ കോഡ് എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്. ഈ വിഷയത്തില്‍ നിയമ കമ്മീഷന് മുന്നില്‍ ശക്തമായ എതിര്‍പ്പറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നു. ‘ആദ്യം ഹിന്ദുമതത്തില്‍ നടപ്പാക്കൂ’; എന്നായിരുന്നു ഈ വിഷയത്തില്‍ ഡിഎംകെയുടെ പ്രതികരണം. ഏക സിവില്‍ കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണെന്നും നടപ്പാക്കിയാല്‍ എല്ലാ ജാതികളിലുള്ളവര്‍ക്കും ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അനുമതി ലഭിക്കുമെന്നും ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാജ്യത്ത് രണ്ടു നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്നാണ് ചോദിച്ചത്. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണ്. ഭരണഘടന തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട് – മോദി പറഞ്ഞു.
എന്നാല്‍ ഏകസിവില്‍ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.