വ്യാഴാഴ്ച തെരച്ചലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പത്താം ദിനത്തില്‍ നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 226 ആയി. നിലമ്പൂര്‍ ചാലിയാറില്‍ നിന്നും ഒരു ശരീരഭാഗവും വ്യാഴാഴ്ചയിലെ തെരച്ചലില്‍ ലഭിച്ചു. ഇതുവരെ കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം 196 ആയി. വ്യാഴാഴ്ച ഒരു മൃതദേഹവും ആറ് ശരീര ഭാഗവും സംസ്‌ക്കരിച്ചു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ താഴേക്ക് മുണ്ടക്കൈയും ചൂരല്‍മലയും അടക്കമുള്ള മേപ്പാടി പഞ്ചായത്തിലെ ഭാഗങ്ങളിലും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാറിലും തെരച്ചില്‍ നടത്തി. ചാലിയാര്‍പ്പുഴയുടെ തീരങ്ങള്‍ തുടങ്ങി കാന്തന്‍പാറ സണ്‍റൈസ് വാലിയും വരെ തെരച്ചില്‍ നടന്നു.

സൈന്യം, വനം വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ള രക്ഷാസേനയാണ് തെരച്ചില്‍ നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറും ഉപയോഗിച്ചിരുന്നു. പത്തുനാള്‍ നീണ്ട രക്ഷാ ദൗത്യത്തിന് ശേഷം സേനയിലെ ഒരു വിഭാഗം വ്യാഴാഴ്ച മടങ്ങി. ഇന്ത്യന്‍ ആര്‍മി, നേവി, റിക്കോ റഡാര്‍ ടീം അംഗങ്ങളായ സൈനികര്‍ക്ക് സര്‍ക്കാരും ജില്ലാ ഭരണകൂടവും യാത്രയപ്പ് നല്‍കി. എംഇജിയിലെ 23 പേരും ഡൗണ്‍സ്ട്രീം സെര്‍ച്ച് ടീമിലെ 13 പേരുമായി 36 സൈനികര്‍ രക്ഷാ ദൗത്യവുമായി ജില്ലയില്‍ തുടരും.

ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെ ഉള്‍പ്പെടുത്തി മുണ്ടക്കൈ ,ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ജനകീയ തെരച്ചില്‍ നടത്തും. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചായിരിക്കും തെരച്ചില്‍. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 14 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 634 കുടുംബങ്ങളിലെ 1918 ആളുകളാണ് ക്യാമ്പുകളിലുള്ളത്.

മന്ത്രിമാരായ കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, ഒ.ആര്‍ കേളു എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതി വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കും തെരച്ചിലിനും മേല്‍നോട്ടം വഹിക്കുന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ദുരിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *