കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍പ്പെട്ട കൊല്ലിമൂലയില്‍ വനസേനാംഗങ്ങള്‍ ആദിവാസികളുടെ കുടിലുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരായ മുഴുവന്‍ ആളുകള്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ.എ. അയൂബ്, വൈസ് പ്രസിഡന്റ് ഇ. ഉസ്മാന്‍, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കുടിലുകള്‍ പൊളിച്ചതിന് ബാവലി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെയാണ് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറും സംഘവും തന്നിഷ്ടപ്രകാരം കുടിലുകള്‍ പൊളിച്ചുനീക്കിയെന്നു കരുതാനാകില്ല. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും നിര്‍ദേശപ്രകാരമാണോ കുടിലുകള്‍ പൊളിച്ചതെന്നു പരിശോധിക്കണം.
പട്ടികവര്‍ഗ ക്ഷേമ മന്ത്രി ഒ.ആര്‍. കേളുവിന്റെ നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും ഗോത്രസമൂഹം അനുഭവിക്കുന്ന കഷ്ടതകളിലേക്കാണ് കൊല്ലിമൂല സംഭവം വെളിച്ചം വീശുന്നത്. വനം വകുപ്പ് കുടിയിറക്കിയ മുഴുവന്‍ കുടുംബങ്ങളെയും വാസയോഗ്യമായ വീടും കൃഷിസ്ഥലവും നല്‍കി പുനരധിവസിപ്പിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ആദിവാസി പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്ന വഞ്ചനാപരമായ സമീപനം അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു.