കൽപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ദുരന്തം സംഭവിച്ച് നൂറു ദിവസം പിന്നിട്ടിട്ടും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൽപ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (വ്യാഴം) കലക്ട്രേറ്റ് മാര്‍ച്ച് നടത്തും. രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ ആണ് സത്യാഗ്രഹ സമരം.
ദുരന്ത ബാധിതരുടെ നിത്യജീവിതം സാധാരണരീതിയിൽ ആക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരുവിധ പദ്ധതികളും പ്രഖ്യാപിക്കുകയോ നടപ്പിലാക്കുന്നതിനായി സത്വര നടപടികളോ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി വാടക വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് കുട്ടികളുടെ പഠനവും, നിത്യജോലിയും പ്രയാസകരമാകുന്ന സാഹചര്യമാണുള്ളത്. ഓരോ മാസങ്ങള്‍ പിന്നിടുമ്പോഴും വാടക, നിത്യചിലവിനുള്ള പണം എന്നിവ ലഭിക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത്.
ഇരു സര്‍ക്കാരുകളുടെയും ഗുരുതരമായ അലംഭാവത്തിനെതിരെയും ദുരന്തബാധിതരുടെ പുനരധിവാസം അതിവേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും, കൃഷിനാശം, കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം, പരിക്ക് പറ്റിയവരുടെ തുടര്‍ചികിത്സ, വായ്പ എഴുതിത്തള്ളല്‍ എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രതിഷേധമെന്ന് പ്രസിഡന്റ് ബി സുരേഷ്ബാബു അറിയിച്ചു.