അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് കാന്തന്‍പാറ വെള്ളച്ചാട്ടം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടി സഞ്ചാരികൾ

കാന്തന്‍പാറ: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് കാന്തന്‍പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍. ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രത്തില്‍ ശുദ്ധജലം ഒരുക്കാനോ തകര്‍ന്ന റോഡ് നന്നാക്കാനോ നടപടി സ്വീകരിക്കാത്തതും സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നു. വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് വസ്ത്രം മാറാന്‍ പോലും സൗകര്യമില്ല. സിസിടിവിയുമില്ല. കാന്തന്‍പാറ വെള്ളച്ചാട്ടത്തിലേക്കുള്ള 3 കിലോമീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. റോഡില്‍ ആകെ വെള്ളക്കെട്ടുകളും കുഴികളും നിറഞ്ഞു കിടക്കുകയാണ്. ടാറിങ് നടത്തിയിട്ട് കാലങ്ങളായി. ഇറക്കം കൂടുതലുള്ള ഭാഗങ്ങളില്‍ റോഡില്‍ സിമന്റിട്ടതും തകര്‍ന്നു.

കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപം വരെ ബസ് പോലുള്ള വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. ബസിലെത്തുന്നവര്‍ പാതിവഴിയില്‍ ഇറങ്ങി ജീപ്പിലാണ് പോകുന്നത്. ഏറെ സഞ്ചാരികളെത്തുന്ന കാന്തന്‍പാറയില്‍ ശുചിമുറി സംവിധാനം അപര്യാപ്തമാണ്. പുരുഷന്മാര്‍ക്ക് ഒരു ശുചിമുറിയും സ്ത്രീകള്‍ക്കു രണ്ടെണ്ണവുമേയുള്ളൂ. കൂടുതല്‍ പേര്‍ ഒന്നിച്ചെത്തിയാല്‍ ശുചിമുറിക്കായി ക്യൂ നില്‍ക്കേണ്ട അവസ്ഥയാകും. സഞ്ചാരികള്‍ക്ക് വെള്ളത്തിലിറങ്ങാനും ആസ്വദിക്കാനും കഴിയുന്ന ചുരുക്കം ചില കേന്ദ്രങ്ങളിലൊന്നാണ് കാന്തന്‍പാറ വെള്ളച്ചാട്ടം. എന്നാല്‍, വെള്ളത്തിലിറങ്ങിയ ശേഷം വസ്ത്രം മാറാന്‍ സൗകര്യമില്ലെന്നതുള്ളതാണ് വലിയ പ്രതിസന്ധി. ജീവനക്കാര്‍ താല്‍ക്കാലികമായി പണിത ഷെഡ് മാത്രമാണ് ഏക ആശ്രയം. കര്‍ട്ടന്‍ ഉപയോഗിച്ച് മറച്ചാണ് സ്ഥലം ഒരുക്കിയിരിക്കുന്നത്. വസ്ത്രം മാറുന്നതിനായി 6 വര്‍ഷം മുന്‍പ് കണ്ടെയ്‌നര്‍ എത്തിച്ചെങ്കിലും ഇതുവരെ ഉപയോഗിച്ചിട്ടില്ല.

തകരാര്‍ പരിഹരിക്കാനായി മാസങ്ങള്‍ക്ക് മുന്‍പാണ് സിസിടിവി അഴിച്ചുകൊണ്ടു പോയത്. ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇതോടെ, നിരീക്ഷണ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത അവസ്ഥയിലാണ് കേന്ദ്രം. വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഭിന്നശേഷി സൗഹാര്‍ദമാകണമെന്ന നിര്‍ദേശവും കാന്തന്‍പാറയില്‍ നടപ്പായില്ല. ഭിന്നശേഷിക്കാര്‍ക്ക് ഇപ്പോഴും വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് എത്താനുള്ള വഴി സൗകര്യമില്ല. മഴയും പിന്നാലെ ഉരുള്‍പൊട്ടലുമെത്തിയതോടെ രണ്ടര മാസത്തോളമാണ് കാന്തന്‍പാറ അടച്ചിട്ടത്. എന്നിട്ടും ജില്ലയിലെ മറ്റ് കേന്ദ്രങ്ങള്‍ തുറന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടാണ് കാന്തന്‍പാറ തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *