കൽപ്പറ്റ: ഡിഫറന്റ്‌ലി വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. ഭിന്നശേഷി അവകാശനിയമം പൂര്‍ണരൂപത്തില്‍ നടപ്പാക്കുക, ഭിന്നശേഷി പെന്‍ഷന്‍ 3 കാറ്റഗറിയായി തിരിച്ച് തീവ്ര ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് 15,000 രൂപയെങ്കിലും കേന്ദ്രസര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ച് അലവന്‍സായി നല്‍കുക, കിടപ്പു രോഗികളായ ഭിന്നശേഷിക്കാരുടെ കൂട്ടിരിപ്പുകാര്‍ക്ക് നല്‍കുന്ന ആശ്വാസ കിരണം കാലോചിതമായി വര്‍ധിപ്പിച്ച് എല്ലാ മാസവും നല്‍കുക, ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് വ്യക്തിഗത വരുമാനം മാത്രം ബാധകമാക്കുക, നീരാമയ ഇന്‍ഷുറന്‍സ് അപാകതകള്‍ പരിഹരിച്ച് കൃത്യമായി ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുക, താല്‍ക്കാലിക ജീവനക്കാരായിരുന്ന മുഴുവന്‍ ഭിന്നശേഷിക്കാരെയും സര്‍വീസില്‍ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ധർണ ജില്ലാ പഞ്ചായത്ത് അംഗം എന്‍ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജോസ് തലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ വി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം ഐസക് കെ യു, എം ആര്‍ രാജന്‍, ഗിരീഷ് കുമാര്‍ ജി, കെ ഡി കുര്യാച്ചൻ, ബാവ കമ്പളക്കാട്, ജയപ്രകാശ് തിരുനെല്ലി, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ വി മത്തായി സ്വാഗതവും, കൽപ്പറ്റ ഏരിയ സെക്രട്ടറി ടി കെ നൗഫല്‍ നന്ദിയും പറഞ്ഞു. ജിജി കോട്ടത്തറ, സി ടി പൗലോസ്, ധനേഷ് മാതമംഗലം, വര്‍ഗീസ് കോളിയാടി, വിനീതതിരുനെല്ലി, തേവല മാനന്തവാടി എന്നിവര്‍ നേതൃത്വം നല്‍കി.