കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി ചൂരൽമലയിലെ ദുരന്തഭൂമി സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. മേപ്പാടി സെന്‍റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ക്യാമ്പിലെ ഒമ്പതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവര്‍ അവരുടെ സങ്കടം പ്രധാനമന്ത്രിയോട് പറഞ്ഞു. 25 മിനിട്ടോളം നേരമാണ് പ്രധാനമന്ത്രി ക്യാമ്പിൽ ചിലവഴിച്ചത്. ദുരന്തബാധിതരോട് വാക്കുകള്‍ കേട്ട പ്രധാനമന്ത്രി അവരെ ആശ്വസിപ്പിച്ചു.
ദുരന്തബാധിതരോട് വാക്കുകള്‍ കേട്ട പ്രധാനമന്ത്രി അവരെ ആശ്വസിപ്പിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രതിനിധികളായാണ് ഒമ്പതുപേര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചത്. ദുരിതാശ്വാസ ക്യാമ്പിലെ സന്ദര്‍ശനത്തിനുശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. ദുരന്തത്തില്‍ അകപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന നാലുപേരെയാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ആശുപത്രിയിലുള്ള ദുരന്തബാധിതരെ മോദി ആശ്വസിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകരെയും മോദി കണ്ടു.
മേപ്പാടിയിലെ വിംസ് ആശുപത്രിയിലെ സന്ദര്‍ശനത്തിനുശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ.വേണു, എഡിജിപി എംആര്‍ അജിത് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ട്. കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയിൽ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ് ചൂരൽ മലയിൽ നിന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയത്.