പുല്‍പ്പളളി സഹ. ബാങ്ക് വായ്പാ തട്ടിപ്പ്:കൊല്ലപ്പള്ളി സജീവന്‍ റിമാന്‍ഡില്‍; 4 പ്രതികളും ഒരേ ജയിലില്‍

പുല്‍പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ മുഖ്യപ്രതി കൊല്ലപ്പള്ളി സജീവന്‍(48) റിമാന്റില്‍.

സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്(രണ്ട്)പ്രതിയെ റിമാന്റ് ചെയ്തത്. ഇയാളെ മാനന്തവാടി ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചു് ഈ കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാം, മുന്‍ സെക്രട്ടറി കെ.ടി.രമാദേവി, ഡയറക്ടര്‍ വി.എം.പൗലോസുകുട്ടി എന്നിവരും ഇതേ ജയിലിലാണ്.
ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സജീവനെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. ആഴ്ചകളായി ഒളിവിലായിരുന്ന സജീവന്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നില്‍ വച്ച് പോലീസിന്റെ വാഹന പരിശോധനയിലാണ് പിടിയിലായത്. രാത്രി ഒമ്പതരയോടെ പുല്‍പള്ളി പോലീസ് ബത്തേരിയിലെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. എസ്.എച്ച്.ഒ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലിനും മൊഴിയെടുപ്പിനുംശേഷം ഉച്ചകഴിഞ്ഞാണ് സജീവനെ വൈദ്യപരിശോധനയ്ക്ക് ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വസതിയിലും എത്തിച്ചത്.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കേളക്കവലയിലെ ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികള്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും കേളക്കവല ചെമ്പകമൂലയിലെ കര്‍ഷകന്‍ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രേരണക്കുറ്റത്തിനുംസജീവിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *