ഏഴുവർഷത്തിലൊരിക്കൽ പൂക്കുന്ന മേട്ടുക്കുറിഞ്ഞി; ഇടുക്കിയിൽ നീലവസന്തം കാണാൻ സഞ്ചാരികളുടെ തിരക്ക്

ഇടുക്കി: നീലക്കുറിഞ്ഞിയിൽ വിസ്‌മയം തീർക്കുന്ന ഇടുക്കിയിൽ ഇപ്രാവശ്യം നീലവസന്തം തീർത്തത് മേട്ടുക്കുറിഞ്ഞി. ഒരിടവേളയ്ക്ക് ശേഷമാണ് ഇടുക്കിയിൽ വീണ്ടും നീലവസന്തം തീർത്ത് കുറിഞ്ഞിപ്പൂക്കൾ വിടർന്നത്. പീരുമേടിന് സമീപത്തെ പരുന്തുംപാറയിലാണ് കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടു നിൽക്കുന്നത്. പക്ഷേ, ഇത്തവണ വിരിഞ്ഞത് നീലക്കുറിഞ്ഞിയല്ല, മേട്ടുക്കുറിഞ്ഞിയാണ്. നയനമനോഹരം ഈ കാഴ്ച‌. സഞ്ചാരികളുടെ ഒഴുക്കാണ് പരുന്തുംപാറയിലേക്ക്.

ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറയിലെ മലനിരകളിലൊന്നാണ് കുറിഞ്ഞി പൂത്തു നിൽക്കുന്നത്. നീലക്കുറിഞ്ഞിയുടെ വകഭേദമായ മേട്ടുക്കുറിഞ്ഞിയാണിത്. സ്ട്രൊബിലാന്തസ് സെസൈലിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഏഴു വർഷത്തിൽ ഒരിയ്ക്കലാണ് മേട്ടുക്കുറിഞ്ഞി പൂക്കുക. സമുദ്ര നിരപ്പിൽ നിന്ന് 1,200 മീറ്റർ വരെ ഉയരമുള്ള സ്ഥലത്താണ് ഇത് വളരുക. പരുന്തുംപാറക്കൊപ്പം അഷ്‌ലിയിലെ മലനിരകളിലും കട്ടപ്പന കല്യാണത്തണ്ടിലും മേട്ടുക്കുറിഞ്ഞി പൂത്തിട്ടുണ്ട്.

നിരനിരയായി കൂട്ടംകൂട്ടമായി പൂത്തുനിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ കാണാനും മനോഹരമായ ചിത്രങ്ങൾ പകർത്താനും ഒരുപാടാളുകൾ എത്തുന്നുണ്ട്. എപ്പോഴും കാണാത്ത പൂക്കൾ കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്നാണ് സന്ദർശകരുടെ അഭിപ്രായം. കുട്ടികൾക്ക് ഇത് കാണാൻ കഴിഞ്ഞത് സന്തോഷമായെന്നാണ് കാഴ്ച്ചക്കാർ പറയുന്നത്. അതേസമയം, മഴയില്ലെങ്കിൽ രണ്ടു മാസം വരെ കുറിഞ്ഞിപ്പൂക്കൾ കേടാവാതെ നിലനിൽക്കും. പരുന്തും പാറയിലേക്ക് വരും ദിവസങ്ങളിലും നീലവസന്തം കാണാൻ സന്ദർശകരെത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *