ചെന്നൈ : തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശൻ തുറൈയ്ക്കും ഇടയിലുള്ള പാസഞ്ചർ ഫെറി സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയാഴ്‌ച ഇതിൻ്റെ ട്രയൽ റൺ വിജയകരമായി നടത്തി. ‘ശിവഗംഗ’ എന്ന യാത്രാക്കപ്പലാണ് നാഗപട്ടണത്തു നിന്ന് ശ്രീലങ്കയിലെ കാങ്കേശൻ തുറയിലേക്ക് ശനിയാഴ്‌ച പരീക്ഷണ യാത്ര നടത്തിയത്. ഓഗസ്റ്റ് 15-നുശേഷം സ്ഥിരം സർവീസ് തുടങ്ങുമെന്നാണ് അറിയുന്നത്. കപ്പൽ സർവീസിൻ്റെ ചുമതലയേറ്റെടുത്ത ഇൻഡ് ശ്രീ ഫെറി സർവീസസിനുവേണ്ടി അന്തമാനിൽ നിന്നാണ് ശിവഗംഗ എത്തിയത്.
ചൊവ്വാഴ്ച നാഗപട്ടണത്തെത്തിയ കപ്പൽ, മതിയായ പരീക്ഷണങ്ങൾക്കുശേഷമാണ് പരീക്ഷണയാത്ര നടത്തിയത്. ശനിയാഴ്‌ച രാവിലെ 7.30ന് നാഗപട്ടണം തുറമുഖത്ത് നിന്ന് പുറപ്പെട്ട ശിവഗംഗ കപ്പൽ ഉച്ചയോടെ ശ്രീലങ്കയിലെത്തി. വൈകുന്നേരത്തോടെ നാഗപട്ടണത്തേക്ക് തിരിച്ചു. പരീക്ഷണം വിജയകരമായതോടെ അടുത്ത ആഴ്‌ച തന്നെ സാധാരണ പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം ഈ റൂട്ടിൽ സർവീസ് ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം നിർത്തിവച്ചിരുന്നു. 2023 ഒക്ടോബർ 14-ന് ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ലക്ഷദ്വീപിൽ സർവീസുനടത്തിയിരുന്ന ചെറിയപാണി എന്ന കപ്പൽ ഉപയോഗിച്ചാണ് സർവീസ് ആരംഭിച്ചത് . എന്നാൽ വടക്കുകിഴക്കൻ മൺസൂൺ കാരണം ദിവസങ്ങൾക്ക് ശേഷം ഇത് താൽക്കാലികമായി നിർത്തിവച്ചു. കെ.പി.വി.എസ്. പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായിരുന്നു സർവീസിൻ്റെ ചുമതല. 150 യാത്രക്കാരെ ഉൾക്കൊള്ളാനും നാല് മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാനും ശിവഗംഗയ്ക്ക് കഴിയും.
പുതിയകപ്പലിൽ സാധാരണ ക്ലാസിൽ 133 സീറ്റും പ്രീമിയം ക്ലാസിൽ 27 സീറ്റുമാണുള്ളത്. ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്ക് യഥാക്രമം 5000 രൂപയും 7500 രൂപയുമായിരിക്കും. 60 കിലോഗ്രാം വരുന്ന സാധനങ്ങൾ ലഗേജായും അഞ്ചുകിലോഗ്രാം ഹാൻഡ് ബാഗ് ആയും കൊണ്ടുപോകാം. കഴിഞ്ഞവർഷം സർവീസ് തുടങ്ങിയപ്പോൾ നികുതിയടക്കം 7670 രൂപയായിരുന്നു ഒരുവശത്തേക്കുള്ള ടിക്കറ്റുനിരക്ക്. കപ്പൽ യാത്ര യാത്രക്കാർക്ക് കടലിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ അവസരമൊരുക്കുന്നു. പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ഈ യാത്ര ആസ്വാദ്യകരമായ അനുഭവമായിത്തീരുമെന്നു പ്രതീക്ഷിക്കുന്നു.