പാരീസ്: മണ്ണിലും വിണ്ണിലും ജ്വലിച്ച 15 ദിനരാത്രങ്ങള്‍ക്കൊടുവില്‍ പാരിസ് കണ്ണടച്ചിരിക്കുന്നു. മൂന്നുമണിക്കൂർ നീണ്ട കലാവിരുന്നോടെയായിരുന്നു പാരീസ് ഒളിംപിക്സിന്‍റെ കൊടിയിറക്കം. ഒളിംപിക് പതാക അടുത്ത ഒളിംപിക്സിന് വേദിയാവുന്ന അമേരിക്കയിലെ ലോസാഞ്ചൽസിന് കൈമാറിയതോടെയാണ് പാരീസിനോട് കായികലോകം വിടപറഞ്ഞത്. 1932നും 1984നും ശേഷം ഇത് മൂന്നാം തവണയാണ് ലോസാഞ്ചല്‍സ് ഒളിംപിക്സിന് വേദിയാവുന്നത്.
പാരീസില്‍ നിന്ന് വ്യത്യസ്തമായി രണ്ടാഴ്ച നേരത്തെ 2028 ജൂലൈ 14നാണ് ഒളിംപിക്സിന് ലൊസാഞ്ചല്‍സില്‍ തിരി തെളിയുക. ജൂലൈ 30നാണ് ഒളിംപിക്സ് സമാപിക്കുക. നാലു വര്‍ഷങ്ങള്‍ക്കപ്പുറം ലോസാഞ്ചല്‍സിലെത്തുമ്പോള്‍ എന്തൊക്കെ പുതുമകളാകും അവിടെ കാത്തിരിപ്പുണ്ടാകുക എന്ന് നോക്കാം.
ഇന്ത്യക്ക് സുവർണ പ്രതീക്ഷയായി ക്രിക്കറ്റ്
ഇന്ത്യക്ക് സ്വര്‍ണം പ്രതീക്ഷിക്കാവുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ ലൊസാഞ്ചല്‍സ് ഒളിംപിക്സില്‍ മത്സരയിനമാകും. ടി20 ഫോര്‍മാറ്റിലുള്ള മത്സരങ്ങളാകും ഒളിംപിക്സില്‍ നടക്കുക. 1900നു ശേഷം ആദ്യമായാണ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2028നു പുറമെ 2032ലെ ബ്രിസ്ബേന്‍ ഒളിംപിക്സിലും ക്രിക്കറ്റ് മത്സരയിനമായി തുടരുമെന്നാണ് കരുതുന്നത്. 2032ലെ ആതിഥേയരായ ഓസ്ട്രേലിയ ക്രിക്കറ്റില്‍ വന്‍ ശക്തിയാണെന്നതും ഇതിന് കാരണമാണ്.
ഇടേവളക്കു ശേഷം കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മത്സരയിനമാക്കിയപ്പോള്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഫ്ലാഗ് ഫുട്ബോളാണ് ലോസാഞ്ചല്‍സില്‍ മടങ്ങിയെത്തുന്ന മറ്റൊരു മത്സരയിനം. ഫ്ലാഗ് ഫുട്ബോളിന് പുറമെ അമേരിക്കയിലെ ജനപ്രിയ കായിക വിനോദമായ ബേസ്ബോളും സോഫ്റ്റ്ബോള്‍, ലാക്രോസെയും ഒരിടവേളക്കുശേഷം സ്ക്വാഷും ലോസാഞ്ചല്‍സ് ഒളിംപിക്സിലെ മത്സര ഇനങ്ങളാണ്. ലാക്രോസെ 1908ലാണ് അവസാനമായി ഒളിംപിക്സില്‍ മത്സര ഇനമായത്. ഒബ്സ്റ്റാക്കിള്‍ റേസിംഗാണ് ലോസാഞ്ചല്‍സില്‍ മത്സരയിനമാകുന്ന മറ്റൊരു കായിക വിനോദം.