കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതരായ ജനങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും സർക്കാർ പ്രഖ്യാപനങ്ങളിലെ അവ്യക്തതകൾ പരിഹരിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദുരന്തം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും പുനരധിവാസത്തെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ഒരു ധാരണയും ലഭിച്ചിട്ടില്ല. ഇതിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റുന്ന താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം ജനങ്ങൾക്ക് സമാധാനം ലഭിക്കുന്ന ശരിയായ പുനരധിവാസ പദ്ധതി സർക്കാർ പ്രഖ്യാപിക്കണം.
പ്രധാനമന്ത്രി സന്ദർശനം നടത്തിയെങ്കിലും കേന്ദ്രഗവൺമെൻറ് പ്രത്യേക പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്തിന് ആയിരം കോടിയുടെ അടിയന്തര സഹായം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ജനങ്ങളിൽ നിന്ന് ഉയരുന്ന ആവശ്യങ്ങൾ കൂടി മുൻനിർത്തിയേ സർക്കാർ പുനരധിവാസ പദ്ധതി തയ്യാറാക്കാവൂ. 500 ൽ പരം വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഭാഗികമായി തകർന്ന വീടുകളുടെ എണ്ണവും വളരെ കൂടുതലാണ്. താമസ യോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളുണ്ട്. ഇവരെല്ലാം നല്ല രീതിയിൽ താമസിച്ചു വന്നവരാണ്.
നാമമാത്ര പുനരധിവാസ പ്രവർത്തനങ്ങളിൽ പരിമിതപ്പെടുത്താതെ അവരുടെ ജീവിതാവസ്ഥകളിലേക്ക് മടങ്ങിവരാൻ കഴിയുന്ന വിധത്തിലുള്ള പുനരധിവാസമാണ് വയനാട്ടിൽ ഉണ്ടാകേണ്ടത്. ക്യാമ്പുകളിൽ നിന്ന് മാറി താമസിക്കുന്നതിന് താൽക്കാലിക വാടക വീടുകൾ സർക്കാർ തന്നെ കണ്ടെത്തി നൽകണം. ശാശ്വത പുനരധിവാസം ഉണ്ടാകുന്നത് വരെയുള്ള മുഴുവൻ വാടക തുകയും സർക്കാർ നേരിട്ട് നൽകണം . ശരാശരി 6000 രൂപയാണ് വീടുകളുടെ വാടക.
ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് സാധനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ക്യാമ്പ് അംഗങ്ങൾ പങ്കുവെക്കുന്നുണ്ട്. അതേസമയം ആശ്യത്തിലധികം സാധനങ്ങൾ കൽപ്പറ്റ കളക്ഷൻ സെന്ററിൽ ലഭിച്ചതായും അറിയുന്നു. ക്യാമ്പിലുള്ളവർക്കും, ദുരിത ബാധിതർക്കും അവശ്യ വസ്തുക്കൾ ലഭ്യമാക്കാൻ സംവിധാനം ഒരുക്കണം. ക്യാമ്പുകളിലും, ബന്ധു വീടുകളിലും കഴിയുന്നവരുടെയും വാടക വീടുകളിലേക്ക് മാറി കഴിയുന്നവരുടെയും മാനസികാരോഗ്യം ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് ദുരിത ബാധിതർ പറയുന്നു. ഇതിന് അടിയന്തിര പരിഹാരം കാണണം. കൗൺസിലിംഗ് സംവിധാനങ്ങൾ ഒരുക്കാൻ തയ്യാറായി വരുന്ന സന്നദ്ധ സംഘടനകളെയും കൗൺസിലർമാരെയും ഇതിൽ സഹകരിപ്പിക്കണം. പാടികളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ കൃത്യമല്ല. അതിനാൽ ഇവർ പുനരധിവാസ പദ്ധതികളിൽ നിന്ന് പുറത്തു പോകാൻ സാധ്യതയുണ്ട്. വിവരങ്ങൾ കൃത്യപ്പെടുത്തി ഇവരെയും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തണം.
അന്തർ സംസ്‌ഥാന തൊഴിലാളികളുടെ വിവരങ്ങൾ ഔദ്യോഗിക കണക്കുകളിൽ അവ്യക്തമാണ്. ഇത് പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാക്കണം. താമസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ ഉള്ള ജനങ്ങളെയും പുനരധിവാസത്തിൽ ഉൾപ്പെടുത്തണം . സർക്കാർ നടത്തുന്ന സർവേയിൽ പ്രസ്തുത വീടുകളെ ഡാമേജ് ഇനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ഉദ്യോഗസ്‌ഥ പ്രതികരണങ്ങളിലൂടെ മനസ്സിലായതെന്ന് ഗുണഭോക്താക്കൾ പറയുന്നുണ്ട്. തുടർന്ന് അവിടെ താമസിക്കാൻ സാധ്യത ഇല്ലാത്തവരാണെന്നിരിക്കെ ഇവരെയും പുനരധിവാസത്തിൽ ഉൾപ്പെടുത്തണം. ഭൂമി മാത്രം നഷ്‌ടപ്പെട്ടവരെയും നഷ്‌ടപരിഹാര ഗണത്തിൽ ഉൾപ്പെടുത്തണം കാർഷിക മേഖലയിൽ ഭൂമിയും കാർഷിക വിളയും നഷ്‌ടപ്പെട്ടവരുണ്ട്. അവർക്ക് വിളകളിൽ നിന്ന് ലഭിക്കാവുന്ന ആദായം പരിഗണിച്ച് നഷ്‌ടപരിഹാരം നിശ്ചയിക്കണം. കൃഷിക്കാർക്ക് പകരം ഭൂമി നൽകണം . വൻകിട കയ്യേറ്റക്കാർ ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് വയനാട്ടിൽ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത് . ഇവരിൽനിന്ന് ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിത കർഷകർക്ക് നൽകാൻ ഈ സന്ദർഭത്തിൽ എങ്കിലും സർക്കാർ തയ്യാറാകണം.
ക്ഷീര കർഷകരെ പ്രത്യേകമായി പരിഗണിക്കണം. പ്രാദേശികമായി തൊഴിലിൽ ഏർപ്പെട്ടിരുന്ന പലർക്കും ഇനി തൊഴിൽ എളുപ്പത്തിൽ ലഭ്യമല്ല. ഇവർക്ക് അനുയോജ്യമായ തൊഴിൽ സംരംഭങ്ങൾ രൂപപ്പെടുത്തണം.100 ൽ ൽ അധികം വ്യാപാര സ്‌ഥാപനങ്ങൾ പൂർണ്ണമായും നശിച്ചിട്ടുണ്ട്. അവരുടെ കച്ചവടത്തിന്റെ പ്രത്യേകത, സ്റ്റോക്കിന്റെ അളവ്, പുതിയ വ്യാപാര സ്‌ഥാപനം ആരംഭിക്കുന്നതിനാവശ്യമായ പ്രൊജക്റ്റ് കോസ്റ്റ് തുടങ്ങിയവ പരിഗണിച്ച് നഷ്‌ടപരിഹാരം നിർണയിക്കണം. കേടുപാടുകൾ സംഭവിക്കാത്തചില വ്യാപാര സ്‌ഥാപനങ്ങൾ ഉണ്ട്. ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ അവരുടെ പ്രാദേശിക വിപണിയും ജനങ്ങളും നഷ്‌ടമായിരിക്കുന്നു. അതുകൊണ്ട് തന്നെ അവർ പുതിയൊരു പ്രദേശത്തേക്ക് മാറേണ്ട സാഹചര്യം ഉണ്ട്.
പ്രസ്തുത വിഷയം പരിഗണിച് അവരുടെ പുനരധിവാസം കൂടി സാധ്യമാക്കണം ജൂലൈ 30 മുതൽ 2200 ൽ പരം ടീം വെൽഫെയർ വളണ്ടിയർമാർ വയനാട്ടിൽ രക്ഷാപ്രവത്തനങ്ങളിൽ പങ്കാളികളായി. ഇപ്പോഴും 200 ൽ പരം വളണ്ടിയർമാർ സജീവമായി തന്നെ തിരച്ചിലുകളിലും, ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമായി രംഗത്തുണ്ട്. കൂടാതെ 500 ൽ അധികം വളണ്ടിയർമാർ നിലമ്പൂർ പോത്ത് കല്ല് ഭാഗങ്ങളിലെ ദുഷ്ക്കരമായ വനമേഖലയിൽ ഉൾപ്പെടെ തിരച്ചിലുകളിലും മൃതദേഹ പരിചരണത്തിലും സജീവമായി പങ്കെടുത്തു. വയനാട്ടിലും നിലമ്പൂരിലും വനിതാ വളണ്ടിയർമാർ ഈ രംഗത്ത് പ്രശംസനീയമായ പ്രവർത്തനമാണ് നടത്തിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത, ഇപ്പോഴും പ്രവർത്തനങ്ങൾ തുടരുന്ന എല്ലാ സന്നദ്ധ സംഘടനകളെയും വളണ്ടിയർമാരെയും പ്രത്യേകം അഭിനന്ദിക്കുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ പങ്കുവഹിച്ച സന്നദ്ധ സംഘടനകൾ പുനരധിവാസത്തിലും സജീവമായി രംഗത്തുണ്ട്. സന്നദ്ധ സംഘടനകളെയും എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിശ്വാസത്തിലെടുത്ത് പുനരധിവാസത്തിൽ അവരെയും പങ്കാളികളാക്കാൻ സർക്കാർ തയ്യാറാകണം.
പുത്തുമല പുനരധിവാസവുമായി ബന്ധപ്പെട്ട ജനങ്ങൾക്ക് ധാരാളം പരാതികൾ ഉണ്ട്. അത്തരം പോരായ്മകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം എന്നും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സഹായധനങ്ങൾ എത്രയും വേഗം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റസാഖ് പാലേരി (സംസ്ഥാന പ്രസിഡൻ്റ് )ബിനു വയനാട് ( സംസ്ഥാന കമ്മിറ്റി അംഗം )സ്വാദിഖ് ഉളിയിൽ ( ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ.)മുഹമ്മദ് ശരീഫ് ( വയനാട് ജില്ലാ പ്രസിഡൻ്റ്)പി എച്ച് ഫൈസൽ ( ജില്ലാ ജനറൽ സെക്രട്ടറി.) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.