ചാത്തന്നൂർ: പാൽനുര വിതറി പാറക്കൂട്ടങ്ങൾക്കിടയിലെ ജലപാതം ആയി ആയിരവില്ലി അരുവി. ചിറക്കര പഞ്ചായത്തിലെ ഇടവട്ടം വാർഡിലെ ആയിരവില്ലി മഹാദേവർ ക്ഷേത്രത്തിനു സമീപത്തെ വെള്ളച്ചാട്ടം കുളിർകാഴ്ചയാണ് ഒരുക്കുന്നത്. തോടുകൾ ക്ഷേത്രത്തിനു സമീപം സംഗമിച്ച് ഉളിയനാട് തേമ്പ്ര വഴി പോളച്ചിറയിൽ എത്തും. വൃക്ഷങ്ങൾ തണൽ വിരിക്കുന്ന വെള്ളച്ചാട്ടത്തിൽ അപകടരഹിതമായി കുളിക്കാൻ കഴിയുമെന്നതിനാൽ സഞ്ചാരികൾ പതിവായി എത്തുന്നുണ്ട്. വെള്ളച്ചാട്ടത്തിനു സമീപം പാറക്കൂട്ടങ്ങൾ സഞ്ചാരികളുടെ വിശ്രമസങ്കേതങ്ങളുമാണ്.
എന്നാൽ, വെള്ളച്ചാട്ടത്തിനു താഴെ ആയിരവില്ലി തോട്ടിലേക്കു പാറപ്പൊടിയുടെ അവശിഷ്ടങ്ങൾ ഒഴുക്കുന്നതു വലിയ ഭീഷണിയാണെന്നു പ്രദേശവാസികളും സഞ്ചാരികളും ഒരുപോലെ പറയുന്നു. ഒന്നര ഏക്കറോളം തോട് പുറമ്പോക്കിനോടു ചേർന്നാണ് വെള്ളച്ചാട്ടം ഉള്ളത്. പഞ്ചായത്ത് അധീനതയിലുള്ള തോട് പുറമ്പോക്കിൽ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി സൗഹൃദ വികസന പദ്ധതികൾ നടപ്പാക്കി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും.