ദുരിതാശ്വാസ നിധിയിലേക്ക് ഗ്രാമ പഞ്ചായത്തുകൾ ഇരുപത്തിയഞ്ച് കോടിയിലധികം രൂപ നൽകും- കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ

മേപ്പാടി : മുണ്ടക്കൈ , ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ ചേർന്ന് കുറഞ്ഞത് ഇരുപത്തിയഞ്ചു കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേഷ് വ്യക്തമാക്കി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ ചേർന്ന ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ്റെ ജില്ല ജനറൽ ബോഡി യോഗം കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബു ആമുഖ ഭാഷണം നടത്തി.

അസോസിയേഷൻ സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും ചേർന്ന് ചൂരൽമല, മുണ്ടക്കെെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. സമാനതകളില്ലാത്ത ദുരന്തത്തിനിരയായ മേപ്പാടി ഗ്രാമപഞ്ചായത്തിനായി പുനരധിവാസം, തൊഴിൽ, മാനസികാരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവ മുൻനിർത്തി സമഗ്രമായ കർമപദ്ധതി തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുമെന്നും കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടേയും സാമ്പത്തിക സഹകരണത്തോടെ ദുരന്തത്തിന് ഇരയായ ജനപ്രതിനിധികൾക്ക് വീടുകൾ നിർമിച്ചു നൽകാനുള്ള തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും കെ.സുരേഷ് വ്യക്തമാക്കി.

അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ രാജു കട്ടക്കയം, പി.വിജയകുമാർ, രഞ്ജി കുര്യൻ, പ്രസംഗിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ബാലൻ പടിഞ്ഞാറത്തറ സ്വാഗതവും വിജേഷ് വൈത്തിരി നന്ദിയും പറഞ്ഞു.വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.എം.ആസ്യ ടീച്ചർ, റെനീഷ് പി.പി, പി.കെ.വിജയൻ, സി.കെ.ഹഫ്സത്ത്, ചർച്ചയിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *