വയനാട് ദുരന്തം; രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്, 12 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പകളുടെ 12 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അതേസമയം, ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പരിഗണിക്കും. ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഉരുൾപൊട്ടലിൽ കാണാതായവർക്കായി മുണ്ടക്കൈ, ചൂരൽമല മേഖലകളിലും ചാലിയാർ പുഴയുടെ തീരങ്ങളിലും ഇന്നും തെരച്ചിൽ നടക്കും. ഫയർഫോഴ്സ്, ഫോറസ്റ്റ്, എൻഡിആർഎഫ് സംഘങ്ങൾ തെരച്ചിലിൻ്റെ ഭാഗമാകും. അതേസമയം, വിലങ്ങാട് ഉരുൾ പൊട്ടലിലും രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ നിർമിച്ചു നൽകാനുള്ള അദാലത്ത് ഇന്ന് നടക്കും. രാവിലെ പത്തു മണി മുതൽ വിലങ്ങാട് സെന്റ് ജോർജ് ഹൈ സ്കൂളിൽ ആണ് അദാലത്ത് നടക്കുന്നത്. വിവിധ വകുപ്പകളുടെ 12 കൗണ്ടറുകളാണ് അദാലത്തിൽ ഉണ്ടാവുക. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പുറമെ ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും.

വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഇനിയുള്ള വീടുകളിൽ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്. ഇവിടെ ഇനി നിർമ്മാണ പ്രവർത്തനം വേണോ എന്നത് സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നും ജോൺ മത്തായി പറഞ്ഞു. ദുരന്തമേഖലയായ പുഞ്ചിരിമട്ടത്ത് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉരുൾ പൊട്ടൽ മേഖലയിൽ ഉണ്ടായത് ശക്തമായ മഴയായിരുന്നു. മൂന്നു ദിവസം കൊണ്ട് 570 മില്ലീമീറ്റർ മഴയുണ്ടായെന്ന് വിദഗ്ധ സംഘം പറഞ്ഞു. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ പരിശോധന നടത്തി. ഇതിന് മുമ്പ് മൂന്ന് തവണ സമാനമായ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. എട്ടു കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ താൽക്കാലിക ഡാം പോലുണ്ടായി. ആ ജലസംഭരണി പൊട്ടി ഒലിച്ചത് കൊണ്ടാണ് ഇത്ര വലിയ ദുരന്തം ഉണ്ടായത്. വനപ്രദേശത്ത് ആയത് കൊണ്ട് മരങ്ങൾ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടിയെന്നും ജോൺ മത്തായി പറഞ്ഞു. ഇപ്പോൾ നടത്തിയ പരിശോധയുടെ പ്രാഥമിക റിപ്പോർട്ട് പത്ത് ദിവസത്തിനകം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *