ഒളിംപിക്സ് ഇന്ത്യയിലെത്തുമോ?, വേദിയാവാനൊരുങ്ങി ഗുജറാത്ത്; പ്രധാനമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയോടെ കായിക ലോകം

ദില്ലി: ഒളിംപിക്സ് വേദി ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ ഇന്ത്യൻ കായിക ലോകം. ഇന്നലെ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് 2036ലെ ഒളിംപിക്സ് വേദിക്കായി ചർച്ചകൾ തുടങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമുള്ള ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയം കേന്ദ്രീകരിച്ച് ഒളിംപിക്സ് സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

പാരീസ് ഒളിംപിക്സില്‍ രാജ്യത്തിന്‍റെ യശസ്സുയർത്തി ഒളിംപിക്സ് വേദിയിൽ ഇന്ത്യ തിളങ്ങിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം വന്നത്. അഞ്ച് വെങ്കലവും ഒരു വെള്ളിയുമടക്കം ആറ് മെഡലുകളാണ് പാരീസില്‍ ഇന്ത്യ നേടിയത്. വിനേഷ് ഫോഗട്ടിൽ സുവര്‍ണ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒടുവിൽ വേദന ബാക്കിയായി. മെഡൽ ജേതാക്കൾക്ക് അഭിനന്ദനമർപ്പിക്കുമ്പോഴും മെഡൽ നേട്ടങ്ങളിൽ ആനന്ദിക്കുമ്പോഴും 140 കോടി ജനതയുടെ കായികരംഗത്തെ വളർച്ച എത്രത്തോളമാണെന്ന ആശങ്ക ബാക്കിയാക്കിയാണ് പാരീസും കടന്നു പോയത്.

2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് ഈ വര്‍ഷം മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷന്‍റെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. മൂന്ന് വര്‍ഷത്തിനകം തീരുമാനം അറിയിക്കാമെന്നായിരുന്നു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ അന്ന് നല്‍കിയ മറുപടി. 2028ലെ ഒളിംപിക്സിന് ലോസാഞ്ചൽസും 2032ലെ ഒളിംപിക്സിന് ഓസ്ട്രേലിയയിലെ ബ്രിസേബേനുമാണ് വേദിയാകുന്നത്. 2036ൽ വേദിയാവാൻ ഇന്ത്യക്ക് പുറമേ സൗദി അറേബ്യയും ഖത്തറും സന്നദ്ധത അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.

ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ചില നീക്കങ്ങളും കേന്ദ്ര സർക്കാർ ആരംഭിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ‘ഗുജറാത്ത് ഒളിംപിക് പ്ലാനിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്’ എന്ന കമ്പനി ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരിച്ചെന്നും ഇതിനായി 6000 കോടി രൂപ വകയിരുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഹമ്മദാബാദ് കേന്ദ്രമാക്കി ഗെയിംസ് സംഘടിപ്പിക്കാനാണ് കേരന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതി.

ഇന്ത്യയിൽ സംഘടിപ്പിച്ചതിൽ ഏറ്റവും വലിയ രാജ്യാന്തര കായികമാമാങ്കം 2010ലെ കോമ്മൺ വെൽത്ത് ഗെയിംസാണ്. പക്ഷെ അന്നുയർന്ന വിവാദങ്ങളുടെ കനൽ ഇന്നും രാജ്യത്തിന്‍റെ പലകോണിലും നീറി പുകയുന്നുണ്ട്. വലിയ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞ് വെച്ചത് ജി20 ഉച്ചകോടിയെ കൂടി ചൂണ്ടിക്കാണിച്ചാണ്. എന്നാൽ അവിടേക്കുള്ള ദൂരമെത്രയാണെന്ന് മാത്രമാണ് ഇനിയുള്ള ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *