ദില്ലി: ഒളിംപിപിക്സിനിടെ ഇന്ത്യൻ താരങ്ങൾ പലരും കൂടുതല്‍ സമയവും മൊബൈലില്‍ റീല്‍സ് കാണലും റീല്‍സ് ഉണ്ടാക്കലുമായിരുന്നോ എന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യൻ താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ നല്‍കി സ്വീകരണച്ചടങ്ങിലാണ് താരങ്ങളെ കുഴപ്പിച്ച പ്രധാനമന്ത്രിയുടെ ചോദ്യമെത്തിയത്.
ഒളിംപിക്സിനിടെ ഞാനൊരു കാര്യം അറിഞ്ഞു, നിങ്ങളില്‍ പലരും കൂടുതല്‍ സമയവും മൊബൈലിലാണെന്നും റീല്‍സ് കാണലും റീല്‍സുണ്ടാക്കലുമായിരുന്നു പ്രധാന പരിപാടിയെന്നും. ശരിയാണോ അതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. എന്താ നിങ്ങള്‍ റീല്‍സുണ്ടാക്കിയില്ല, നിങ്ങളില്‍ എത്രപേര്‍ റീല്‍സുണ്ടാക്കി എന്ന് പ്രധാനമന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയുടെ ചോദ്യം കേട്ട് എന്ത് മറുപടി പറയണമെന്നറിയാതെ താരങ്ങള്‍ കുഴങ്ങി.
ഇതിനിടെ കളിക്കാര്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഒളിംപിക്സിനിടെ ഹോക്കി ടീം അംഗങ്ങള്‍ ഒരു തീരുമാനമെടുത്തിരുന്നു വെന്നും ടൂര്‍ണമെന്‍റ് കഴിയുന്നത് വരെ മൊബൈല്‍ ഫോണോ സോഷ്യല്‍ മീഡിയയോ ഉപയോഗിക്കില്ല എന്നതായിരുന്നു അതെന്നും പ്രധാനമന്ത്രിയോട് പറഞ്ഞു. സബാഷ്, വളരെ വലിയ കാര്യമാണത് എന്നായിരുന്നുന്നു പ്രധാനമന്ത്രിയുടെ മറുപടി. കാരണം മോശം കമന്‍റ് വന്നാലും നല്ല കമന്‍റ് വന്നാലും അത് കളിക്കാരുടെ മാനസികാവസ്ഥയെയും പ്രകടനത്തെയും ബാധിക്കുമെന്നതിനാലാണ് അത്തരമൊരു തീരുമാനം എടുത്തതെന്നും അതുകൊണ്ടാണ് ടീം അംഗങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചതെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു.
നിങ്ങള്‍ ചെയ്തത് വളരെ നല്ല കാര്യമാണെന്നും നമ്മുടെ നാട്ടിലെ മറ്റുള്ളവരോടും കൂടി ഇതൊന്ന് പറയണമെന്നും അതെല്ലാം എത്ര ദൂരത്ത് നിര്‍ത്തുന്നോ അത്രയും നല്ലതാണെന്നും പറഞ്ഞ പ്രധാനമന്ത്രി ധാരാളം ആളുകള്‍ അതില്‍ സമയം ചെലവഴിക്കുകയും അതില്‍ തന്നെ അടയിരിക്കുകയും ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.