പനമരം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ റോഡുകളുടെ ശോചനീയാവസ്ഥയും, വികസന മുരടിപ്പും ചൂണ്ടിക്കാണിച്ചു കൊണ്ട് മുസ്ലിം ലീഗ് ചങ്ങാടക്കടവ് പരക്കുനി ശാഖ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. നാലുവർഷത്തോളമായി കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ നന്നാക്കാൻ യാതൊരു നടപടിയും പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ വാർഡ് മെമ്പർ സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പ്രതിഷേധവുമായി എത്തിയത്.
ആര്യന്നൂർ കോളനി റോഡ്, കുടമ്മാടി പൊയിൽ റോഡ്, ചങ്ങാടക്കടവ്, പരക്കുനി റോഡ് തുടങ്ങിയ ഒമ്പതാം വാർഡിലെ റോഡുകൾ പൂർണ്ണമായും തകർന്നു. ദിനവും വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളും സ്കൂൾ ബസ്സുകളും സഞ്ചരിക്കുന്ന റോഡാണിത്. നിലവിൽ വെള്ളക്കെട്ടുള്ളതിനാൽ കാൽനട യാത്ര പോലും ദുസഹമാണ്. ഉടനടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ വലിയ രീതിയിലുള്ള പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു.
പ്രതിഷേധ മാർച്ച് പനമരം പഞ്ചായത്ത് മുസ്ലിം ലീഗ്ജനറൽ സെക്രട്ടറി അസീസ് കുനിയിൽ ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി കെ അബു സ്വാഗതം പറഞ്ഞു. ചങ്ങാടക്കടവ് ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ നാസർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ദളിത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി സുനിൽകുമാർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇസഹാക്ക് അഞ്ചുകുന്ന് സംസാരിച്ചു. വനിതാ ലീഗ് നേതാക്കളായ സൗജത്ത് ഉസ്മാൻ, സുലേഖ സൈതലവി എന്നിവർ സംസാരിച്ചു. ഹബീബ് കെ ടി, ബഷീർ പൂക്കോത്ത് സ്വാലിഹ് ഡി, ഷൗക്കത്ത് പി, കെ കെ അർഷാദ് നന്ദി പറഞ്ഞു.